India
HomeNews

'ഉന്നതങ്ങളിൽ ലാലേട്ടൻ'; നിറഞ്ഞ കൈയ്യടിയോടെ ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

23 Sept 20251 മിനിറ്റ് വായന
'ഉന്നതങ്ങളിൽ ലാലേട്ടൻ'; നിറഞ്ഞ കൈയ്യടിയോടെ ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

 


71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു ജേതാക്കൾക്ക് സമ്മാനിച്ചു. ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങി.2023ലെ ദേശീയ ചലച്ചിത്ര അവാർഡുകളാണ് ചൊവ്വാഴ്ച സമ്മാനിച്ചത്.

പുരസ്ക‌ാര വിതരണ ചടങ്ങിൽ മോഹൻലാലിനെ 'ലാലേട്ടൻ' എന്ന് അഭിസംബോധന ചെയ്‌താണ് എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാഗതം ആശംസിച്ചത്. ഷാറൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാർ. മികച്ച നടിക്കുള്ള അവാർഡ് റാണി മുഖർജി സ്വന്തമാക്കി. ജവാൻ എന്ന ചിത്രത്തിലെ അഭിനയ മികവാണ് ഷാരൂഖാനെ അവാർഡ് ജേതാവാക്കിയത്. അതേസമയം ട്വെൽവ്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ തേടി പുരസ്കാരം എത്തിയത്.

മികച്ച നടിയായി റാണി മുഖർജിയെ തെരഞ്ഞെടുത്തത് മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന സിനിമയിലെ അഭിനയത്തിനാണ്. അവാർഡ് വിതരണത്തിന് ശേഷം ജേതാക്കൾക്കായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് ഒരുക്കുന്ന അത്താഴ വിരുന്നുമുണ്ട്. ഇത്തവണ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും ഉള്ളൊഴുക്കിനാണ്. മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരത്തിന് മിഥുൻ മുരളി അർഹനായി. പൂക്കാലം സിനിമയുടെ എഡിറ്റിങ്ങിനാണ് അവാർഡ്. നോൺ ഫീച്ചർ സിനിമ വിഭാഗത്തിൽ എം.കെ. രാംദാസ് സംവിധാനം ചെയ്‌ത നെകലും തെരഞ്ഞെടുത്തു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക