India
HomeNews

കർണാടകയിലെ വിജയനഗരയില്‍ വാട്സാപ്പ് ഗ്രൂപ്പ് വഴി 12കാരിയെ വില്‍പനയ്ക്ക് വച്ച സെക്സ് മാഫിയാ സംഘം പിടിയില്‍

30 Sept 20251 മിനിറ്റ് വായന
കർണാടകയിലെ വിജയനഗരയില്‍ വാട്സാപ്പ് ഗ്രൂപ്പ് വഴി 12കാരിയെ വില്‍പനയ്ക്ക് വച്ച സെക്സ് മാഫിയാ സംഘം പിടിയില്‍

 


ഋതുമതിയായ ഉടൻ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മാനസിക രോഗം ഇല്ലാതാക്കുമെന്ന് പ്രചരിപ്പിച്ചാണ് കുഞ്ഞിനെ വില്‍പനയ്ക്ക് വച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരു സന്നദ്ധ സംഘടന നടത്തിയ ഇടപെടലിന് പിന്നാലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റി.

ആറാം ക്ലാസുകാരിയായ കുഞ്ഞിനെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ വില്‍പനയ്ക്ക് വച്ച സംഘത്തിലെ രണ്ടുപേരാണ് മൈസൂരുവില്‍ പിടിയിലായത്. ബെംഗളൂരു സ്വദേശി ശോഭ, പങ്കാളി തുളസീകുമാർ എന്നിവരെ വിജയനഗര പൊലീസാണ് മൈസൂരുവില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്. ഋതുമതിയായ കുഞ്ഞുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മാനസിക രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കും എന്ന അന്ധവിശ്വാസം പരത്തി കുഞ്ഞിനെ വില്‍പനയ്ക്ക് വയ്ക്കുകയായിരുന്നു ഇവർ.

20 ലക്ഷം രൂപ വില നിശ്ചയിച്ച്‌ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി പ്രചാരണം നടത്തുന്നത് ഒരു സന്നദ്ധ സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടതാണ് വഴിത്തിരിവായത്. കുഞ്ഞിന്റെ വിഡിയോ ദൃശ്യങ്ങളും സംഘം പങ്കുവച്ചിരുന്നു. ഇടപാടുകാർ എന്ന വ്യാജേന സംഘത്തിലെ ശോഭയുമായി ബന്ധപ്പെട്ട വിജയനഗരയിലെ സന്നദ്ധ സംഘടന ഓടാനടി സേവ സമസ്ത കുഞ്ഞുമായി മൈസൂരുവിലെത്താൻ ആവശ്യപ്പെട്ടു. പറഞ്ഞപ്രകാരം മൈസൂരുവിലെത്തിയ ശോഭയുമായി NGO അംഗങ്ങള്‍ വിലപേശല്‍ നടത്തുന്നതിനിടെ വളഞ്ഞ പൊലീസ് ഇവരെ പിടികൂടി.

ഈ സമയം അല്‍പം മാറി നില്‍ക്കുകയായിരുന്നു തുളസീകുമാർ. ഇയാളെയും വിജയനഗര പൊലീസ് പിടികൂടിയിട്ടുണ്ട്. തുളസീകുമാർ തന്റെ ഭർത്താവാണെന്നാണ് ശോഭ പൊലീസിനോട് പറഞ്ഞത്. പന്ത്രണ്ടുകാരി തന്റെ മകളാണെന്നും. പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ മരുമകളെന്ന് മാറ്റിപ്പറഞ്ഞ ശോഭ പിന്നീട് കുഞ്ഞിനെ ദത്തെടുത്തതാണെന്ന് പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കുഞ്ഞ് എങ്ങനെ ഇവരുടെ പക്കലെത്തി എന്നാണ് അന്വേഷിക്കുന്നത്. വലിയ ഒരു മാഫിയയുടെ കണ്ണികളാണോ ശോഭയും തുളസീകുമാറും എന്ന സംശയവും പൊലീസിനുണ്ട്. കൂടുതല്‍ കുഞ്ഞുങ്ങളെ സംഘം ഇത്തരത്തില്‍ വില്‍പനയ്ക്ക് വച്ചിരുന്നോ എന്നും പരിശോധിക്കുകയാണ്. ശോഭയേയും തുളസീകുമാറിനെയും ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക