അമ്പതിനായിരം 15000 രൂപയാക്കി;കുത്തനെ കൂട്ടിയ മിനിമം ബാലൻസ് പരിധി കുറച്ച് ഐസിഐസിഐ ബാങ്ക്

സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായി ഉയർത്തിയത് പ്രതിഷേധങ്ങളെ തുടർന്ന് കുറച്ച് പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്ക്. ഓഗസ്റ്റ് ഒന്നിനുശേഷം തുറക്കുന്ന സെലക്ട്, വെൽത്ത്, പ്രൈവറ്റ്, പെൻഷനേഴ്സ്, മുതിർന്നപൗരർ എന്നീവിഭാഗത്തിലുള്ള സേവിങ്സ് അക്കൗണ്ടുകൾക്കായിരുന്നു മിനിമം ബാലൻസ് പരിധി കുത്തനെ ഉയർത്തിയിരുന്നത്.
കുറഞ്ഞ മിനിമം ബാലൻസ് പരിധി മെട്രോനഗരങ്ങളിൽ മാസം ശരാശരി 50,000 രൂപയാക്കിയിരുന്നു. ഇത് 15000 രൂപയാക്കി കുറച്ചു. മുമ്പ് പതിനായിരം രൂപയായിരുന്നതാണ് ഒറ്റയടിക്ക് അമ്പതിനായിരം ആക്കി ഉയർത്തിയിരുന്നത്.
ചെറുനഗരങ്ങളിലിത് 5,000 രൂപയിൽനിന്ന് 25,000 രൂപയായും ഉയർത്തിയിരുന്നു. ഇത് ഇപ്പോൾ 7500 രൂപയാക്കി കുറച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ കുറഞ്ഞ മിനിമം ബാലൻസ് പരിധി 2,500 രൂപയിൽനിന്ന് 10,000 രൂപയായും ഉയർത്തിയിരുന്നു. ഇത് 2500 രൂപ തന്നെയാക്കി നിലനിർത്തുകയും ചെയ്തു.
പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ദിവസങ്ങൾക്ക് മുമ്പ് മാത്രം വരുത്തിയ മാറ്റമാണ് പ്രതിഷേധങ്ങളെ തുടർന്ന് ഐസിഐസിഐ ബാങ്ക് പിൻവലിച്ചിരിക്കുന്നത്.
പുതിയ മാറ്റങ്ങൾ സാലറി അക്കൗണ്ടുകൾ, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, പെൻഷൻകാർ, ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, ജൻധൻ അക്കൗണ്ടുകൾ, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ അക്കൗണ്ടുകൾ എന്നിവയ്ക്ക് ബാധകമായിരുന്നില്ല.





