India
HomeNews

ഉത്തരകാശിയിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം: നാലു മരണം; 50 പേരെ കാണാനില്ല

5 Aug 20251 മിനിറ്റ് വായന
ഉത്തരകാശിയിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം: നാലു മരണം; 50 പേരെ കാണാനില്ല

 


ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 4 മരണം. അൻപതിലേറെപ്പേരെ കാണാനില്ലെന്നു വിവരമുണ്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞ് 1.45നാണ് പ്രളയം ഉണ്ടായത്. മലമുകളിൽനിന്നു കുത്തിയൊഴുകിവന്ന പ്രളയജലം വീടുകൾക്കു മുകളിലൂടെ കുതിച്ചൊഴുകുകയായിരുന്നു. വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കിൽപെട്ടു. വീടുകൾ തകർന്നിട്ടുണ്ട്. വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാൽ ഹോംസ്റ്റേകളും മറ്റുമുള്ള സ്ഥലമാണിത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു. സൈന്യവും എത്തിയിട്ടുണ്ട്.

പ്രളയത്തെ തുടർന്ന് ഖീർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതിനാൽ നദിതീരത്തെ താമസക്കാരും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളപ്പാച്ചിലിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെയും രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

നിരവധി ഹോട്ടലുകൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്‌ഥലത്ത് 50 ഹോട്ടലുകൾ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക