വിനോദയാത്ര മുടങ്ങിയതിന് പിന്നാലെ ഭാര്യ ജീവനൊടുക്കിയതായി ഭർത്താവ്; ആസൂത്രിത കൊലപാതകമെന്ന് യുവതിയുടെ കുടുംബം

കൊല്‍ക്കത്തയിൽ യുവതിയെ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ബെലേഗാട്ട സ്വദേശി ശ്വേത പ്രസാദ് ഷായെ ആണ് വ്യാഴാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുന്നേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ശ്വേതയുടെ ഭര്‍ത്താവ് രോഹിത് കുമാര്‍, ഭര്‍തൃമാതാവ് റിത ദേവി എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ശ്വേതയും ഭര്‍ത്താവ് രോഹിത് കുമാറും മേഘാലയയിലേക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ ഈ യാത്ര മുടങ്ങുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കുണ്ടായെന്നും ഇതിനുപിന്നാലെയാണ് ഭാര്യ ജീവനൊടുക്കിയതെന്നുമായിരുന്നു രോഹിത് കുമാറിന്റെ മൊഴി. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണമാണ് മേഘാലയ യാത്ര ഒഴിവാക്കിയത്. യാത്ര ഒഴിവാക്കിയതിനെച്ചൊല്ലി ഭാര്യ വഴക്കിട്ടു. ഇതിനുപിന്നാലെ ഭാര്യ മുറിയില്‍ കയറി വാതിലടച്ചു. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയുടെ പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറിപ്പോഴാണ് ദുപ്പട്ട ഉപയോഗിച്ച് സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രോഹിത് കുമാര്‍ പറയുന്നു.
അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ശ്വേതയ്ക്ക് ഉണ്ടായ രണ്ട് മക്കളും പെൺകുട്ടികളാണെന്നും , ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തതിനാല്‍ ഭര്‍തൃമാതാപിതാക്കള്‍ ഉപദ്രവിച്ചിരുന്നതായും സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.
2015 ലാണ് ശ്വേതയും ഭര്‍ത്താവ് രോഹിത് കുമാറും തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നാണ് അയല്‍വാസികളും ബന്ധുക്കളും പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ അതിന് ശേഷമേ അറിയിക്കാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.





