ഹിമാചല്‍പ്രദേശില്‍ വീണ്ടും മിന്നല്‍പ്രളയം; നിരവധി കെട്ടിടങ്ങൾ തകർന്നു, മഴക്കെടുതിയിൽ മരണം 241 ആയി

ഷിംല: ഹിമാചല്‍പ്രദേശില്‍ ബുധനാഴ്ചയോടെ കനത്ത മഴയെത്തുടര്‍ന്ന് മിന്നല്‍പ്രളയവും മേഘവിസ്‌ഫോടനവും. കുളു, ഷിംല, ലാഹൗള്‍-സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടർന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കിനോറില്‍ നാലുപേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
മിന്നല്‍പ്രളയത്തില്‍ തീര്‍ഥന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില്‍ മാത്രം ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഇരുപ്രദേശങ്ങളിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.
ലാഹൗള്‍-സ്പിറ്റി ജില്ലയില്‍ മിന്നല്‍പ്രളയം വീടുകള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും നാശംവിതച്ചു. മിയാര്‍ വാലിയിലെ എല്ലാ സ്‌കൂളുകളും അടുത്ത ഏതാനും ദിവസത്തെ അടച്ചിടുമെന്ന് ലാഹൗള്‍-സ്പിറ്റി എംഎല്‍എ അനുരാധ റാണ അറിയിച്ചു.
രണ്ട് പാലങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഗ്രാമവാസികള്‍ സുരക്ഷിതരാണെന്നും സാമൂഹികമാധ്യമത്തിലൂടെ അനുരാധ റാണ പ്രതികരിച്ചു. ഷിംലയില്‍ രാംപുരിലെ നന്തി പ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനം മിന്നല്‍പ്രളയത്തിന് കാരണമായി.
ഷിംലയിലെ ഗന്‍വി ഗ്രാമത്തിലേക്കുള്ള പാലം ഒലിച്ചുപോയതോടെ ഇവിടേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിതടസ്സവും നേരിടുന്നുണ്ട്. ഗന്‍വി ഗ്രാമത്തിലുള്ള എല്ലാവരെയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച മണ്ഡി ജില്ലയിലെ ഒരു താത്കാലിക പാലം കടക്കുന്നതിനിടെ ജലാശയത്തിലെ ഒഴുക്കിൽപ്പെട്ട് പുരന്‍ ചന്ദ് എന്നൊരാള്‍ മരിച്ചിരുന്നു. 323 റോഡുകളിലെ ഗതാഗതത്തിന് നിലവില്‍ സംസ്ഥാനം തടസ്സം നേരിടുകയാണ്. മണ്ഡി ജില്ലയിലാണ് ഏറ്റവുമധികം റോഡുകള്‍ അടച്ചിട്ടിരിക്കുന്നത്.
വ്യാഴാഴ്ചത്തെ കണക്കുകള്‍ പ്രകാരം 130 ജലവിതരണ പദ്ധതികളും 79 ട്രാന്‍സ്‌ഫോമറുകളും തകരാറിലായി. അതേസമയം, ഹിമാചല്‍പ്രദേശിലെ കാലവര്‍ഷകെടുതിയില്‍ ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 241 മരണം സ്ഥിരീകരിച്ചു.





