India
HomeNews

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ യുവതിക്ക് പ്രസവം; രക്ഷകനായത് സൈനികഡോക്ടര്‍,തുണയായി ചെറുകത്തിയും ഹെയര്‍ക്ലിപ്പും

7 Jul 20251 മിനിറ്റ് വായന
റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ യുവതിക്ക് പ്രസവം; രക്ഷകനായത് സൈനികഡോക്ടര്‍,തുണയായി ചെറുകത്തിയും ഹെയര്‍ക്ലിപ്പും

 


യുപിയിലെ ഝാൻസിയില്‍ ട്രെയിൻയാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയുടെ പ്രസവമെടുത്ത് സൈനിക ഡോക്ടർ.ഒരു ചെറുകത്തിയും ഹെയർക്ലിപ്പും ഉപയോഗിച്ചാണ് ഡോക്ടർ പ്രസവനടപടികള്‍ നടത്തിയത്.

ശനിയാഴ്ച പൻവേല്‍-ഗൊരഖ്പുർ എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന യുവതിക്കാണ് പ്രസവവേദന അനുഭവപ്പെട്ടത്. അതോടെ ഝാൻസി സ്റ്റേഷനില്‍ ഇറങ്ങി. അവിടെ ഹൈദരാബാദിലേക്ക് പോകാൻ മറ്റൊരു ട്രെയിൻ കാത്തുനില്‍ക്കുകയായിരുന്ന സൈന്യത്തിലെ മെഡിക്കല്‍ ഓഫീസർ മേജർ ഡോ. രോഹിത് ബച്ച്‌വാല (31) ആണ് സന്ദർഭോചിതമായി ഇടപെട്ടത്. ട്രെയിൻ ഇറങ്ങിയതോടെ കടുത്ത പ്രസവവേദനയില്‍ യുവതിയുടെ ബോധം നഷ്ടമായിരുന്നു. ഗുരുതരാവസ്ഥ മനസ്സിലാക്കിയാണ് പ്ലാറ്റ്ഫോമില്‍ത്തന്നെ റെയില്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രസവമെടുക്കാനുള്ള സൗകര്യം ഒരുക്കിയതെന്ന് മേജർ ഡോക്ടർ രോഹിത് പറഞ്ഞു.

പൊക്കിള്‍ക്കൊടി മുറുകെപ്പിടിക്കാൻ ഹെയർക്ലിപ്പും കുഞ്ഞിനെ പുറത്തെടുത്തശേഷം പൊക്കിള്‍ക്കൊടി മുറിക്കാൻ ചെറുകത്തിയുമാണ് ഉപയോഗിച്ചതെന്ന് മേജർ പറഞ്ഞു.പ്രസവശേഷം അമ്മയും കുഞ്ഞും പ്രദേശത്തെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. റെയില്‍വേ പിന്നീട് ചികിത്സാസൗകര്യം ഒരുക്കി. ഇരുവരുടെയും നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

പ്രസവമെടുത്തശേഷം ഡോക്ടർ ഹൈദരാബാദിലേക്ക് പോയി.യാത്രയ്ക്കിടയില്‍പ്പോലും അടിയന്തരസാഹചര്യങ്ങളെ നേരിടാൻ ഡോക്ടർമാർ തയ്യാറായിരിക്കണമെന്നും, രണ്ടുജീവനുകള്‍ രക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്നും മേജർ ഡോ. രോഹിത് പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക