പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തി നാവികസേന ആസ്ഥാനത്തെ ജീവനക്കാരൻ, വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു

ന്യൂഡല്‍ഹി: പാകിസ്താൻ ഇന്‍റലിജൻസ് ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് ഡല്‍ഹിയിലെ നാവികസേന ആസ്ഥാനത്തെ ജീവനക്കാരനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഹരിയാന സ്വദേശിയും നേവല്‍ ഹെഡ്ക്വാർട്ടേഴ്സിലെ ക്ലാർക്കുമായ വിശാല്‍ യാദവാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായത്. ഇന്ത്യൻ സേന ഭീകരരെ അമർച്ച ചെയ്യാനായി നടത്തിയ ഓപറേഷൻ സിന്ദൂർ ദൗത്യത്തിന്‍റെ സമയത്ത് ഉള്‍പ്പെടെ വർഷങ്ങളായി ഇയാള്‍ വിവരങ്ങള്‍ കൈമാറിയെന്നാണ് കണ്ടെത്തിയത്.
വിശാലിന്‍റെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പ്രതിരോധ യൂനിറ്റുകളെ കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പാക് ഇന്‍റലിജൻസിനുവേണ്ടി പ്രവർത്തിക്കുന്ന യുവതിക്ക് കൈമാറിയതായി കണ്ടെത്തി. ഇതിനായി ഇയാള്‍ അവരില്‍നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പാകിസ്താനി ഇന്‍റലിജൻസിന്‍റെ പ്രവർത്തനങ്ങള്‍ പൊലീസ് തുടർച്ചയായി നിരീക്ഷിച്ചു വരുന്നതിനിടെയാണ് വിശാല്‍ കുടുങ്ങിയത്. യുവതിയുമായി സ്ഥിരമായി സമൂഹമാധ്യമങ്ങളിലൂടെ വിശാല്‍ ബന്ധപ്പെടുന്നത് കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.
പ്രിയ ശർമ എന്ന പേരില്‍ വിശാലുമായി അടുപ്പം സ്ഥാപിച്ച യുവതി, തന്ത്രപരമായ വിവരങ്ങള്‍ ചോർത്തി നല്‍കുന്നതിന് വിശാലിന് പണം നല്‍കി. ഓണ്‍ലൈൻ ഗെയിമിങ്ങിന് അടിമയായ വിശാല്‍, തന്‍റെ നഷ്ടം നികത്താൻ ഈ പണം ഉപയോഗിച്ചു. ക്രിപ്റ്റോ കറൻസി ട്രേഡിങ് അക്കൗണ്ടിലേക്കും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കുമാണ് ഇയാള്‍ക്ക് പണം ലഭിച്ചത്. ജയ്പുരില്‍ വിവിധ ഏജൻസികള്‍ വിശാലിനെ ചോദ്യംചെയ്ത് വരികയാണ്. എത്രത്തോളം പ്രാധാന്യമുള്ള വിവരങ്ങളാണ് ഇയാള്‍ ചോർത്തിയതെന്നത് വ്യക്തമായിട്ടില്ല.
സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ചാരവൃത്തിക്ക് ഉപയോഗപ്പെടുത്തുന്നുവെന്നും സംശയകരമായ എന്തെങ്കിലും കണ്ടാല്‍ പൊതുജനം അധികൃതരെ അറിയിക്കണമെന്നും സുരക്ഷാ ഏജൻസികള്‍ അറിയിച്ചു. നേരത്തെ യൂട്യൂബർ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ നിരവധി പേരെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താനിലെ ഇന്‍റലിജൻസ് ഏജൻസിയുമായി ഇവർ നിരന്തര ബന്ധം പുലർത്തിപ്പോരുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചത്.





