India
HomeNews

ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ, യാത്രക്കാർ വലയും, നിരവധി സർവീസുകൾ ഒരുമാസത്തേക്ക് റദ്ദാക്കി

20 Jun 20251 മിനിറ്റ് വായന
ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ, യാത്രക്കാർ വലയും, നിരവധി സർവീസുകൾ ഒരുമാസത്തേക്ക് റദ്ദാക്കി

 



ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ദീർഘദൂര സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള നിരവധി വൈഡ് ബോഡി വിമാനങ്ങൾ ജൂലൈ 15 വരെ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തു. ദീർഘ ദൂര സർവീസുകളിൽ 15 ശതമാനത്തിലധികം സർവീസുകൾ ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അമൃത്സർ-ലണ്ടൻ, ഗോവ (മോപ)-ലണ്ടൻ, ദില്ലി-നെയ്‌റോബി എന്നീ വിമാന സർവീസുകൾ എയർ ഇന്ത്യ ശനിയാഴ്ച (ജൂൺ 21) മുതൽ വ്യത്യസ്ത തീയതികളിലായി ജൂലൈ 15 വരെ നിർത്തിവെക്കും.



വൈഡ് ബോഡി (ബോയിംഗ് 787 & B777) ഫ്ലൈറ്റ് വെട്ടിക്കുറയ്ക്കലുകളുടെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കുന്നത്. എന്നാൽ വേനലവധിയുടെ അവസാനത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നത് നിരവധി യാത്രക്കാരെ ബാധിക്കും. ബോയിംഗ് 777 വിമാനങ്ങളുടെ പരിശോധന വർധിപ്പിച്ചതിനാൽ, എയർ ഇന്ത്യ മാത്രം നേരിട്ടുള്ള ഓപ്പറേറ്റർ ആയ അമേരിക്കൻ മേഖലകളിലേക്കുള്ള സർവീസുകളുടെ എണ്ണവും കുറച്ചു. 


ദില്ലി-സാൻ ഫ്രാൻസിസ്കോ സർവീസ് 10ൽ നിന്ന് ഏഴായും ദില്ലി-ടൊറന്റോ സർവീസുകൾ ആഴ്ചയിൽ 13 ൽ നിന്ന് 7 ആയി കുറയുകയും ചെയ്യും. ദില്ലി-ചിക്കാഗോ സർവീസ് ഏഴിൽ നിന്ന് മൂന്നായും ദില്ലി- വാഷിംഗ്ടൺ അഞ്ചിൽ നിന്ന് മൂന്നായും ദില്ലി-വാൻകൂവർ ഏഴിൽ നിന്ന് അഞ്ചായും കുറയും. യൂറോപ്പ് റൂട്ടുകളിലും സർവീസുകൾ കുറയും. ദില്ലി- ലണ്ടൻ ഹീത്രോ (LHR) ആഴ്ചയിൽ 24 ൽ നിന്ന് 22 ആയും ദില്ലി-പാരീസ് 14 ൽ നിന്ന് 12 ആയും, ബാംഗ്ലൂർ-ലണ്ടൻ ഏഴ് ൽ നിന്ന് ആറ് ആയും കുറയും. ഓസ്‌ട്രേലിയ, ടോക്കിയോ, സിയോൾ എന്നിവിടങ്ങളിലേക്കും താൽക്കാലിക കുറവുണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക