India
റേസിങ് ട്രാക്കായി ബെംഗളൂരു-മൈസൂരു പാത; രണ്ട് കിലോമീറ്റർ ഇടവിട്ട് എ.ഐ ക്യാമറയുമായി ദേശീയപാത അതോറിറ്റി
18 May 20241 മിനിറ്റ് വായന
നേരത്തേ പത്തു കിലോമീറ്റര്‍ കൂടുമ്പോള്‍ ക്യാമറകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, നിയമലംഘനം കൂടുന്നതിനാല്‍ രണ്ടു കിലോമീറ്ററുകള്‍ ആകുമ്പോള്‍ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വാഹനങ്ങളുടെ ചിത്രവും നമ്പര്‍ പ്ലേറ്റുകളും ചിത്രീകരിക്കും. ഇതുവഴി അധികൃതര്‍ക്ക് നിയമലംഘകര്‍ക്കെതിരേ പിഴ ഈടാക്കാനാകും. നിയമം ലംഘിക്കുന്നവര്‍ക്ക് ക്യാമറകള്‍ ഓട്ടോമാറ്റിക്കായി നോട്ടീസ് കൊടുക്കും.
പാതയില്‍ രണ്ടു പോയിന്റുകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുത്ത സമയം ക്യാമറകള്‍ കണക്കുകൂട്ടും. അനുവദിക്കപ്പെട്ട സമയത്തേക്കാള്‍ കുറവാണെങ്കില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കും. പാതയില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ സ്വാഗതം ചെയ്യുന്നുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നതിന് മുമ്പ് ഡ്രൈവര്‍ രണ്ടു തവണ ചിന്തിക്കാന്‍ ക്യാമറകള്‍ ഇടയാക്കുമെന്ന് യാത്രക്കാര്‍ പറയുന്നു.
ട്രാക്ക് തെറ്റിക്കുന്നതും എതിര്‍ദിശയില്‍ വാഹനം ഓടിക്കുന്നതുമാണ് പ്രധാന നിയമലംഘനങ്ങള്‍. വലിയ അപകടങ്ങള്‍ക്ക് കാരണമാകാവുന്ന ലംഘനമാണിത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബെംഗളൂരു - മൈസൂരു പാത ഉദ്ഘാടനം ചെയ്തത്. പിന്നീട് പാതയില്‍ ഒട്ടേറെ അപകടങ്ങള്‍ നടന്നതിനെത്തുടര്‍ന്ന് ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാതയിലുണ്ടായ വാഹനാപകടങ്ങളില്‍ 150-ലേറെ പേര്‍ മരിച്ചിട്ടുണ്ട്. ഒട്ടേറെ മലയാളികള്‍ക്കും പാതയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലും കൂടുതല്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് പോലീസ് ലക്ഷ്യമിടുന്നുണ്ട്. അതി വേഗവും, ട്രാഫിക് സിഗ്‌നല്‍ ലംഘനവും പിടികൂടുന്നതിന് വേണ്ടി 25 എ.ഐ. ക്യാമറകളാണ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നതെന്ന് പോലീസ് അറിയിച്ചു.
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം റോഡില്‍ അടുത്തിടെ എട്ട് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇലക്ട്രോണിക്സിറ്റി മേല്‍പ്പാലം, മൈസൂരു റോഡ്, ഔട്ടര്‍ റിങ് റോഡില്‍ നയന്ദഹള്ളിക്കും ഗൊരഗുണ്ടെപാളയക്കും ഇടയിലുള്ള ഭാഗം എന്നിവിടങ്ങളിലാണ് പുതിയതായി ക്യാമറകള്‍ സ്ഥാപിക്കുന്നത്.





