India
ഊട്ടി പുഷ്‌പമേളയ്‌ക്ക് തുടക്കം; 10 ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പോത്സവം, പ്രത്യേക ബസ് സർവീസ്
11 May 20241 മിനിറ്റ് വായന
ഏതാണ്ട് പത്ത് ലക്ഷത്തോളം പൂച്ചെടികളുടെ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സസ്യോദ്യാനത്തിലെ പച്ചപുൽ മൈതാനമാണ് മറ്റൊരു ആകർഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള പുഷ്പമേളകളിലൊന്നാണ് ഊട്ടി പുഷ്പമേള. ഊട്ടിയിലെ വസന്തത്തിന്‍റെ വിസ്മയ കാഴ്ചകൾ ഒരുക്കുന്ന ഊട്ടി പുഷ്പമേളയ്ക്ക് നൂറു വർഷത്തിലധികം പഴക്കമുണ്ട്. 1896 ലാണ് ഊട്ടി പുഷ്പമേള ആദ്യമായി നടന്നത്.
നേരത്തെ മെയ് 17 മുതൽ അഞ്ച് ദിവസം നടത്താനിരുന്ന വാർഷിക പുഷ്പമേള പിന്നീട് മേയ് 10 മുതൽ നടത്താൻ തീരുമാനമാവുകയായിരുന്നു. ഓരോ വർഷവും ഓരോ തീം അടിസ്ഥാനത്തിലാണ് പുഷ്പമേള നടത്തുന്നത്. ഓൺലൈന്‍ ആയും ഓഫ്ലൈൻ ആയും ഊട്ടി പുഷ്പമേളയ്ക്ക് ടിക്കറ്റ് എടുക്കാം. ഹോർട്ടികൾച്ചർ വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ടും എടുക്കാം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
ഊട്ടി സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തുന്നതും ഊട്ടി പുഷ്പമേളയുടെ തിരക്കും കണക്കിലെടുത്ത് കോയമ്പത്തൂരിൽ നിന്ന് ഊട്ടിയിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തും.
നിലവിൽ കോയമ്പത്തൂർ-ഊട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 80 ബസുകൾക്ക് പുറമെ മെയ് 10 മുതല്‍ കോയമ്പത്തൂരിൽ നിന്നും ഊട്ടിയിലേക്ക് 25 സ്‌പെഷ്യൽ ബസുകൾ സര്‍വീസ് നടത്തും.





