India
ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ടാറ്റ; സ്വകാര്യ മേഖലയില്‍ ആദ്യം
9 Apr 20241 മിനിറ്റ് വായന
ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ നിരീക്ഷണ ഉപഗ്രഹം ആദ്യമായി വിജയകരമായി വിക്ഷേപിച്ച സ്ഥാപനം എന്ന നേട്ടമാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് കൈവരിച്ചത്.
സാറ്റലോജിക്കുമായി സഹകരിച്ചാണ് ടാറ്റ കമ്പനി ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടിസാറ്റ്-1എ ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചത്. മികച്ച ഉപഗ്രഹ ചിത്രങ്ങള്‍ എടുത്ത് നല്‍കുന്ന കമ്പനികളില്‍ മുന്‍നിരയിലാണ് സാറ്റലോജിക്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് ഉപഗ്രഹത്തെ ഉറപ്പിച്ചത്.
ഏപ്രില്‍ ഏഴിന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് കര്‍ണാടകയിലെ വെമഗല്‍ സൗകര്യത്തിലാണ് ഉപഗ്രഹം അസംബിള്‍ ചെയ്തത്. ഭൂമിയുടെ ഉയര്‍ന്ന റെസല്യൂഷനിലുള്ള ഒപ്റ്റിക്കല്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് ഉപഗ്രഹം.





