India
HomeNews

തിരഞ്ഞെടുപ്പ് കാലത്ത് രാജ്യം പൊള്ളും; വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

7 Apr 20241 മിനിറ്റ് വായന
തിരഞ്ഞെടുപ്പ് കാലത്ത് രാജ്യം പൊള്ളും; വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്


ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ അടുത്തദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കടുത്ത വേനലിന്‍റെ പിടിയിലാണ്.

തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത അന്തരീക്ഷ താപനില നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യഞ്ജയ് മൊഹപാത്ര പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് ഉതകുംവിധത്തില്‍ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കാലാവസ്ഥാ വകുപ്പ് നല്‍കിവരുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമാകുകയും കൂടുതല്‍ ദിവസങ്ങളില്‍ അനുഭവപ്പെടുകയും ചെയ്യുകയെന്നാണ് കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നത്.


ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ വോട്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഉഷ്ണതരംഗംമൂലമുണ്ടാകുന്ന ആഘാതം ലഘൂകരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടപ്പാക്കുന്നുണ്ട്. വോട്ടിങ് സമയം വര്‍ധിപ്പിക്കുക, തണല്‍ ഒരുക്കുന്നതിനുള്ള താല്‍കാലിക സംവിധാനങ്ങള്‍ ഒരുക്കുക, ദാഹശമനികള്‍ ലഭ്യമാക്കുക, ആംബുലന്‍സ് അടക്കം വൈദ്യസഹായം ഉറപ്പുവരുത്തുക തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക