India
'അതൊരു കെണിയാണെന്ന് അറിയില്ലായിരുന്നു'; എച്ച് ആര്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ലിങ്കില്‍ ക്ലിക്ക് ചെയ്തു, യുവാവിന് നഷ്ടമായത് 2.5 ലക്ഷം
3 Apr 20241 മിനിറ്റ് വായന
തനിക്ക് പണം നഷ്ടപ്പെട്ട വിവരം സോഷ്യല്‍മീഡിയയിലൂടെ നവേദ് ആലം പങ്കിട്ടു. ഇതുപോലെ തട്ടിപ്പുകളില്‍ പെടുന്നവര്‍ ശ്രദ്ധിക്കാനും ജാഗ്രത പുലര്‍ത്താനുമാണ് ഇങ്ങനെയൊരു പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എച്ച് ആര്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞാണ് ഒരു ലിങ്ക് തന്നത് അതില്‍ ക്ലിക്ക് ചെയ്യാന്‍ പറഞ്ഞത്. തുടര്‍ന്ന് യുവാവ് ലിങ്കില്‍ ക്ലിക് ചെയ്തതോടെയാണ് പണം നഷ്ടമായത്.
ഇന്റര്‍വ്യൂവില്‍ അടിസ്ഥാന ഡിസൈന്‍ ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചത്. തുടര്‍ന്ന് ഒരു എച്ച്ആര്‍ ഇന്റര്‍വ്യൂവിനുള്ള ലിങ്ക് നല്‍കി. എന്നാല്‍ അതൊരു കെണിയായിരുന്നുവെന്ന് മനസിലായിരുന്നില്ലെന്നും യുവാവ് പറഞ്ഞു. ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞു. ഇന്‍ഹൗസ് കമ്മ്യൂണിക്കേഷന്‍ ആപ്പാണെന്നാണ് കരുതിയത്. പണം നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം തട്ടിപ്പുകാര്‍ കൂടുതലും ലക്ഷ്യം വെക്കുന്നത് ഡിസൈനര്‍മാരെയും ഡെവലപര്‍മാരെയുമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പോസ്റ്റിന്റെ താഴെ സമാന അനുഭവമുള്ളവര്‍ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയാകേണ്ടി വന്നതിന്റെ ദുരനുഭവങ്ങളാണ് പലരും കുറിച്ചത്.





