India
HomeNews

ഗൂഗിള്‍ ക്രോം, എഡ്ജ് ബ്രൗസറുകളില്‍ സുരക്ഷാപ്രശ്‌നങ്ങള്‍; മുന്നറിയിപ്പുമായി കേന്ദ്രം

16 Dec 20231 മിനിറ്റ് വായന
ഗൂഗിള്‍ ക്രോം, എഡ്ജ് ബ്രൗസറുകളില്‍ സുരക്ഷാപ്രശ്‌നങ്ങള്‍; മുന്നറിയിപ്പുമായി കേന്ദ്രം


ജനപ്രിയ വെബ് ബ്രൗസറുകളായ ഗൂഗിൾ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും ഉപഭോക്താക്കളുടെ സുപ്രധാന വിവരങ്ങൾ മോഷ്ടിക്കപ്പെടാൻ ഇടയാക്കുന്ന സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സേർട്ട്-ഇൻ). ഉപഭോക്താവിന്റെ കംപ്യൂട്ടറിലേക്ക് കടന്നുകയറാനും വിവരങ്ങൾ ചോർത്താനും മാൽവെയറുകൾ പ്രവർത്തിപ്പിക്കാനും ഹാക്കർമാർക്ക് വഴിയൊരുക്കുന്ന പ്രശ്നങ്ങളാണിവയെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

സിഐവിഎൻ 2023 0361 വൾനറബിലിറ്റി നോട്ടിലാണ് ഗൂഗിൾ ക്രോമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സിഐവിഎൻ 20230362 ലാണ് എഡ്ജ് ബ്രൗസറുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്.

അടിയന്തിരമായി സുരക്ഷാ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാനാണ് സേർട്ട് ഇൻ നിർദേശിക്കുന്നത്. ഗൂഗിൾ ക്രോമിന്റെ വി120.0.6099.62 ലിനക്സ്, മാക്ക് വേർഷനുകൾക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും 120.0.6099.62/.63 വിൻഡോസ് പതിപ്പുകൾക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജിന്റെ 120.0.2210.61 വേർഷന് മുമ്പുള്ളവ ഉപയോഗിക്കുന്നവരും ഭീഷണി നേരിടുന്നു.

ബ്രൗസറുകളുടെ വിവിധ ഫീച്ചറുകളുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഈ ദൗർബല്യങ്ങൾ ഉപയോഗപ്പെടുത്തി ഉപഭോക്താവിന്റെ വിവരങ്ങൾ ചോർത്താനും കംപ്യൂട്ടറിനെ ആക്രമിക്കാനുമുള്ള ശ്രമങ്ങൾ ഹാക്കർക്ക് നടത്താം.

കഴിഞ്ഞ ദിവസം വിവിധ സാംസങ് സ്മാർട്ഫോണുകളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും സേർട്ട് ഇൻ മുന്നറിയിപ്പ് പുറത്തുവിട്ടിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക