India
HomeNews

ട്രക്കുകള്‍ക്ക് എ.സിയുള്ള ക്യാബിന്‍ നിര്‍ബന്ധം; രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ കേന്ദ്രം

11 Dec 20231 മിനിറ്റ് വായന
ട്രക്കുകള്‍ക്ക് എ.സിയുള്ള ക്യാബിന്‍ നിര്‍ബന്ധം; രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ കേന്ദ്രം


വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന എൻ-2, എൻ-3 ട്രക്കുകളിലെ ഡ്രൈവർമാരുടെ കാബിനുകളിൽ 2025 ഒക്ടോബർ ഒന്നുമുതൽ എ.സി. നിർബന്ധമാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2025 ഒക്ടോബർ ഒന്നിനുശേഷം നിർമിക്കുന്ന എല്ലാ എൻ-2, എൻ-3 ട്രക്കുകളും കാബിൻ എ.സി. ഘടിപ്പിച്ച് ഐ.എസ്.ഐ. പരിശോധന പൂർത്തിയാക്കണം.

ട്രക്ക് കാബിൻ എ.സി.യാക്കണമെന്ന കരട് വിജ്ഞാപനം കഴിഞ്ഞ ജൂലായിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയത്. 2025 ജനുവരി ഒന്നുമുതൽ അത് നിർബന്ധമാക്കുമെന്നായിരുന്നു വിജ്ഞാപനം. ഇത് വാഹനനിർമാണത്തിന്റെ ചെലവ് കൂട്ടുമെന്നു ചൂണ്ടിക്കാട്ടി എതിർപ്പുകളുയർന്നു. എന്നാൽ, കടുത്ത ചൂടിലും ഡ്രൈവർമാർ ജോലിചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് കണ്ടെത്തിയാണ് വീണ്ടും നിർദേശം നൽകിയത്.

ദീർഘദൂരയാത്രകളിൽ കാബിനിലെ ചൂടും ദുരിതവും കാരണം പ്രയാസപ്പെടുന്ന ഡ്രൈവർമാർക്ക് ഏറെ സഹായകരമായ തീരുമാനമാണിത്. റോഡ്സുരക്ഷ ഉറപ്പാക്കുന്നതിൽ ട്രക്ക് ഡ്രൈവർമാർക്ക് നിർണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു. പുതിയ വ്യവസ്ഥ വരുന്നതോടെ എ.സി. കാബിനോടെ വേണം വാഹനനിർമാതാക്കൾ ട്രക്കുകൾ വിൽപ്പനയ്ക്കെത്തിക്കാനെന്നാണ് വിവരം.

രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയിൽ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർദേശം നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തിരുമാനം. ഡ്രൈവർമാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതൽകൂട്ടാവുമെന്നാണ് കണക്കാക്കുന്നത്.

ലോറികളിൽ ഉൾപ്പെടെ എ.സി. ക്യാബിനുകൾ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട റോഡ് സുരക്ഷയും ഉറപ്പാക്കുമെന്നാണ് സർക്കാർ സംവിധാനങ്ങളുടെ നിഗമനം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവർമാരുടെ ജാഗ്രത വർധിപ്പിക്കാൻ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തലുകൾ.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക