India
HomeNews

അവകാശികൾ ഇല്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 42,270 കോടി; ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ട് ആര്‍ബിഐ

21 Dec 20231 മിനിറ്റ് വായന
അവകാശികൾ ഇല്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 42,270 കോടി; ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ട് ആര്‍ബിഐ


സ്വന്തമായൊരു സമ്പാദ്യപദ്ധതി ഇല്ലാത്തവര്‍ ഇന്നത്തെകാലത്ത് ചുരുക്കമാണ്. തിരക്കുപിടിച്ച ജീവിത യാത്രകള്‍ക്കൊടുവില്‍ വിശ്രമകാലം ആനന്ദകരമാക്കാൻ ബാങ്കുകളിലടക്കം നിക്ഷേപം നടത്താൻ പലരും ഇന്ന് ശ്രദ്ധിക്കാറുണ്ട്.

നിക്ഷപതുകയ്ക്ക് ലഭിക്കുന്ന സുരക്ഷിതത്വം തന്നെയാണ് ഇത്തരം സമ്പാദ്യ പദ്ധതികളിലേക്കും സേവിങ്‌സുകളിലേക്കും നമ്മെ നയിക്കുന്നത്.

എന്നാല്‍ അവകാശികള്‍ ഇല്ലാതെ പോകുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ആര്‍ബിഐയുടെ പുത്തൻ കണക്കുകള്‍ പ്രകാരം അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 42,270 കോടി രൂപയാണ്.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബാങ്കുകളില്‍ അവകാശികളിലാത്ത നിക്ഷേപങ്ങളില്‍ 28 ശതമാനം വര്‍ധനയാണ് ഉണ്ടായത്. തൊട്ടു മുൻ വര്‍ഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളില്‍ അവകാശികളിലാത്ത നിക്ഷേപങ്ങള്‍ 32,934 കോടി രൂപയായിരുന്നു. 2023 മാര്‍ച്ച്‌ അവസാനം വരെയുള്ള കണക്കുകളനുസരിച്ച്‌ 36,185 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ പൊതുമേഖലാ ബാങ്കുകളിലാണ്. 6,087 കോടി രൂപയാണ് സ്വകാര്യമേഖലാ ബാങ്കുകളിലുള്ളത്.

അവകാശികളില്ലാത്ത നിക്ഷേപം 10 വര്‍ഷമോ അതില്‍ കൂടുതലോ കാലമായി ബാങ്കില്‍ കിടക്കുന്നുണ്ടെങ്കില്‍, അത് ആര്‍ബിഐയുടെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷൻ ആൻഡ് അവയര്‍നെസ് (DEA) ഫണ്ടിലേക്ക് കൈമാറണം.

എന്താണ് അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍?

കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ഒരു ഉപയോക്താവിന്റെ സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകളില്‍ അവശേഷിക്കുന്ന ബാലൻസുകളാണ് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം, പത്ത് വര്‍ഷമോ അതില്‍ കൂടുതലോ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകളുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും ഇടപാടുകാര്‍ എവിടെയാണെന്ന് കണ്ടെത്താനും ആ വ്യക്തി മരണപ്പെട്ടാല്‍ നിയമപരമായ അവകാശികളെ കണ്ടെത്താനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാങ്കുകളിലുടനീളം ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ തിരയാനും യഥാര്‍ത്ഥ ബാങ്ക് അക്കൗണ്ട് ഉടമകളെ കണ്ടെത്താനും ആര്‍ബിഐ ഒരു കേന്ദ്രീകൃത വെബ് പ്ലാറ്റ്‌ഫോം ആയ അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റ് ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫര്‍മേഷൻ (യുഡിജിഎം) സ്ഥാപിച്ചിട്ടുണ്ട്. ആര്‍ബിഐയുടെ പുതിയ കാമ്ബെയ്‌നായ ‘100 ഡേയ്‌സ് 100 പേയ്‌സ്’ പ്രകാരം, 31 പ്രധാന ബാങ്കുകള്‍ ചേര്‍ന്ന് ₹1,432.68 കോടി തിരികെ നല്‍കിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക