India
HomeNews

രാജ്യത്തെ റോഡപകടങ്ങളില്‍ വന്‍ വര്‍ധന: മരണസംഖ്യയും ഉയര്‍ന്നു, പ്രധാന കാരണം അമിതവേഗത

1 Nov 20231 മിനിറ്റ് വായന
രാജ്യത്തെ റോഡപകടങ്ങളില്‍ വന്‍ വര്‍ധന: മരണസംഖ്യയും ഉയര്‍ന്നു, പ്രധാന കാരണം അമിതവേഗത


ന്യൂഡൽഹി:(www.payangadilive.in) രാജ്യത്തെ റോഡ് അപകടങ്ങളുടെ കണക്കിൽ വൻവർധന. കോവിഡ് ലോക്ഡൗൺ കാലത്തെ ഇടിവിനുശേഷം 2022-ൽ ഇന്ത്യയിലെ വാഹനാപകടങ്ങൾ 11.9% വർധിച്ചതായികേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്.

2005-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം 4,61,312 വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട റോഡ് ആക്സിഡന്റ്സ് ഇൻ ഇന്ത്യ 2022- റിപ്പോർട്ടിലേതാണ് കണക്കുകൾ.

വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 9.4% വർധിച്ച് 168,491 ഉം, പരിക്കേറ്റവരുടെ എണ്ണം 15.3% വർധിച്ച് 443,366- ഉം ആയി. പത്ത് ലക്ഷത്തിൽ 122 പേരാണ് കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത്. 1970-നു ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 2019, 2020, 2021 എന്നീ വർഷങ്ങളിൽ ഇത് യഥാക്രമം 121, 104, 113 എന്നിങ്ങനെയായിരുന്നു.

21 വലിയ സംസ്ഥാനങ്ങളിൽ തമിഴ്നാട്, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത്. ബിഹാർ, അസ്സം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ്.

അമിത വേഗതയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണമായി റിപ്പോർട്ടിൽ പറയുന്നത്. 72% അപകടങ്ങളും, 71% മരണങ്ങളും ഇങ്ങനെ സംഭവിച്ചതാണ്. തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് മറ്റു കാരണങ്ങൾ.

2022ൽ ഹെൽമറ്റ് ധരിക്കാത്ത ബൈക്കപകടങ്ങളിൽ 50,029 പേർ മരിച്ചു. അതിൽ 35,692 (71.3%) ആളുകൾ ബൈക്ക് ഓടിച്ചവരാണ്. 14,337 (28.7%) പേർ യാത്രികരുമാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക