India
HomeNews

കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടത്ത് NIA റെയ്ഡ്; പരിശോധന പാക് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട്

26 Nov 20231 മിനിറ്റ് വായന
കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടത്ത് NIA റെയ്ഡ്; പരിശോധന പാക് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട്


ന്യൂഡല്‍ഹി: കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടങ്ങളില്‍ എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി) റെയ്ഡ്. പാക് തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഞായറാഴ്ച കോഴിക്കോട് ടൗണിലാണ് റെയ്ഡ് നടന്നത്.

കഴിഞ്ഞ വര്‍ഷം പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍ പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. പ്രതികളെന്ന് സംശയിക്കുന്നവരെ തിരയാനാണ് റെയ്ഡ് നടന്നത്. ഇവര്‍ക്ക് പാകിസ്താന്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് സംസ്ഥാനങ്ങളില്‍ നിന്നായി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റ് രേഖകള്‍ തുടങ്ങിയവയെല്ലാം ഏജന്‍സി കണ്ടെത്തി.

ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗസ്‌വ ഇ ഹിന്ദ്. ഈ സംഘടന പാക് തീവ്രവാദികളുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. കേസ് ആദ്യം അന്വേഷിച്ചത് ബിഹാര്‍ പോലീസാണ്. അതിന്റെ ഭാഗമായി മര്‍ഘൂബ് അഹമ്മദ് ഡാനിഷ് എന്നയാള്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു. ഗസ്‌വ ഇ ഹിന്ദ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് മര്‍ഘൂബ്. ഈ ഗ്രൂപ്പ് പാക് സ്വദേശിയായ സെയ്‌നാണ് നിര്‍മിച്ചത്.

2022 ജൂലായില്‍ ബിഹാര്‍ പോലീസില്‍ നിന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. മര്‍ഘൂബിനെതിരേ എന്‍.ഐ.എ കേസെടുക്കുകയും ചെയ്തു. പാകിസ്താന്‍, ബംഗ്ലാദേശ്, യമന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവര്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാണ്. ടെലഗ്രാമിലും ബി.ഐ.പി മെസ്സഞ്ചറിലും ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നു. ഗ്രൂപ്പ് വഴി യുവാക്കളെ ചാവേറുകളാക്കി മാറ്റാനുള്ള പദ്ധതിയാണ് ഗസ്‌വ ഇ ഹിന്ദ് ആവിഷ്‌കരിച്ചത്. ഇന്ത്യയിലുടനീളം ഇത്തരം ചാവേറുകളെ ഉപയോഗിച്ച് ആക്രമണം നടത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഇതിനോടകം നിരവധി റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക