India
HomeNews

ഇന്ന് വിജയദശമി ; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകള്‍‌

24 Oct 20231 മിനിറ്റ് വായന
ഇന്ന് വിജയദശമി ; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകള്‍‌

ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച്‌ കുരുന്നുകള്‍ അറിവിന്‍റെ ലോകത്തേക്ക് ചുവട് വെയ്ക്കുന്ന ദിനം. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഒട്ടാകെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. വിദ്യാദേവതയായ സതസ്വതിക്ക് മുന്നില്‍ മാതാവോ പിതാവോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയില്‍ ഇരുത്തി മണലിലോ അരിയിലോ ആദ്യാക്ഷരം കുറിപ്പിക്കും. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ദശരാത്രികളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേര് വന്നത്. പേര് പോലെ തന്നെ ഇന്നത്തെ ദിവസത്തിന് പിന്നില്‍ ഐതിഹ്യങ്ങളും ഒന്നിലധികമുണ്ട്. രാക്ഷസ രാജാവായ രാവണനുമേല്‍ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് വടക്ക്, തെക്ക് സംസ്ഥാനങ്ങളില്‍, ദസറ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ അസുര രാജാവായ മഹിഷാസുരനെ ദുര്‍ഗ്ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണിത്. വിജയദശമി നാളില്‍ ദുര്‍ഗ്ഗാ ദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്നതും പടക്കങ്ങള്‍ നിറച്ച രാവണന്റെയും കുംഭകര്‍ണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങള്‍ക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ഉത്തരേന്ത്യയിലെ ദസ്റയുടെ പ്രധാന ചടങ്ങുകളാണ്. ദശമി, ദസറ അനുഷ്ഠാനങ്ങളിലും ആഘോഷ രീതികളിലും വ്യത്യാസമുണ്ടെങ്കിലും നല്‍കുന്ന സന്ദേശം ഒന്നാണ്, തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയം. ദീപാവലി ഒരുക്കങ്ങള്‍ക്കും ഈ ദിവസത്തോടെ തുടക്കമാകും. ദസറ കഴിഞ്ഞുളള 20-ാം ദിവസമാണ് ദീപാവലി ആഘോഷം. ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസവും ഒക്കെ മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ വിജയദശമിക്ക് മതേതരമായൊരു സ്വീകാര്യതയുണ്ട്. ജാതിമത ഭേദമന്യേ കുരുന്നുകളെ ഈ ദിനം എ‍ഴുത്തിനിരുത്തുന്നു. ഒരു മതത്തെയോ ദൈവത്തെയോ ആഘോഷിക്കുന്നതിനുമപ്പുറം ഈ ദിനത്തിന്‍റെ പവിത്രതയെ ആഘോഷിക്കുകയാണ് കേരളം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക