India
പലസ്തീനെ പിന്തുണച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ; കർണാടകയിൽ യുവാവ് കസ്റ്റഡിയിൽ
13 Oct 20232 മിനിറ്റ് വായന
പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് വച്ചതിനെ 20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലം പാഷ എന്ന യുവാവാണ് അറസ്റ്റിലായത്. കർണാടകയിലെ വിജയനഗർ ജില്ലയിലാണ് സംഭവം. ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുമ്പോൾ വിജയനഗറിലെ ഹോസ്പേട്ടിലുള്ള ചിലർ പലസ്തീന് പിന്തുണ നൽകുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഹോസ്‌പേട്ടിലെ ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള ദേശവിരുദ്ധ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി.
ഇത്തരം ദൃശ്യങ്ങൾ കൂടുതൽ പ്രചരിക്കുന്നത് തടയാനാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ആലം പാഷയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹപരമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാണ് പാഷയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഒക്‌ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഇരുവശത്തുമായി 2,800 ലധികം ആളുകൾ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ച ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ തുടർന്ന് പാലസ്തീനിൽ ദുരിതം തുടരുകയാണ്.
അതേസമയം 'ഓപ്പറേഷൻ അജയ്' ദൗത്യത്തിന്റെ ഭാഗമായി ഇസ്രായേലിൽ നിന്ന് 212 ഇന്ത്യൻ പൗരന്മാരുമായി ആദ്യ ചാർട്ടർ വിമാനം ഡൽഹി വിമാനത്താവളത്തിലെത്തി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇസ്രായേലിൽ നിന്നെത്തിയവരെ സ്വീകരിച്ചു.വിമാനം വ്യാഴാഴ്ച വൈകുന്നേരം ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെട്ടത്. യാത്രക്കാരിൽ 211 മുതിർന്ന പൗരന്മാരും ഒരു കുഞ്ഞും ഉണ്ടായിരുന്നു.
ഗാസയിൽ നിന്ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിച്ചത്. തുടർന്ന് ഇസ്രായേൽ ഗാസയിൽ വൻ പ്രത്യാക്രമണം നടത്തി. 2,500-ലധികം ആളുകളാണ് ഇതിനകം ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
ഇസ്രായേലിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരിൽ ഒരാൾ സർക്കാരിന് നന്ദി പറഞ്ഞു.
"ഇതാദ്യമായാണ് ഞങ്ങൾ അവിടെ ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്. തിരികെയെത്തിച്ചതിന് ഇന്ത്യൻ സർക്കാരിനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു. അവിടെ പെട്ടെന്ന് സമാധാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, എങ്കിലേ ഞങ്ങൾക്ക് തിരികെ പോകാൻ കഴിയൂ.”- യാത്രക്കാരൻ എഎൻഐയോട് പറഞ്ഞു.
ഒരു കുഞ്ഞിനെയും കൊണ്ടുവന്ന യാത്രക്കാരി ഇസ്രായേലിലെ സ്ഥിതി വിവരിച്ചു.
" രാവിലെ 6.30 ന് ഉറങ്ങി കിടക്കുമ്പോഴാണ് സൈറൺ മുഴങ്ങുന്നത് കേൾക്കുന്നത്. ഞങ്ങൾ അഭയകേന്ദ്രത്തിലേക്ക് ഓടി, ബുദ്ധിമുട്ടായിരുന്നു. പക്ഷെ കൈകാര്യം ചെയ്തു. ഇപ്പോൾ സമാധാനമായി. സർക്കാരിനോട് നന്ദി പറയുന്നു."- അവർ എഎൻഐയോട് പറഞ്ഞു.
ഇന്ത്യൻ എംബസി ആരംഭിച്ച "ആദ്യം വരുന്നവർക്ക് ആദ്യം സേവനം" എന്ന പദ്ധതിയിയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. ഇവരുടെ ചെലവ് സർക്കാരാണ് വഹിക്കുക.
അതേസമയം ഒക്‌ടോബർ ഏഴിന് യുദ്ധം ആരംഭിച്ച ദിവസം തന്നെ എയർ ഇന്ത്യ, വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചിരുന്നു ഇതോടെയാണ് സർക്കാർ സൗകര്യമൊരുക്കിയത്. എന്നാൽ വിമാനത്തിന്റെ വാണിജ്യ പ്രവർത്തനം ഇപ്പോഴും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം ഓപ്പറേഷൻ അജയ് പുരോഗമിക്കുകയാണെന്നും 212 പൗരന്മാർ ന്യൂഡൽഹിയിലേക്കുള്ള യാത്രയിലാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിലൂടെ പറഞ്ഞു. ടെൽ അവീവിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ കയറാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ നീണ്ട ക്യൂ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് ഓപ്പറേഷൻ അജയ് എന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് ജയശങ്കർ പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച രണ്ടാമത്തെ വിമാന സർവീസും എംബസി പ്രഖ്യാപിച്ചിട്ടുണ്ട്. ബെൻ ഗുറിയോൺ ആണ് ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. ലോഡ് നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.





