India
HomeNews

സ്വവര്‍ഗ വിവാഹത്തിന്‍റെ നിയമസാധുത: 4 പ്രത്യേക വിധികൾ; യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ്

17 Oct 20231 മിനിറ്റ് വായന
സ്വവര്‍ഗ വിവാഹത്തിന്‍റെ നിയമസാധുത: 4 പ്രത്യേക വിധികൾ; യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ്


ന്യൂഡൽഹി:(www.payangadilive.in)
രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികളിൻമേൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികൾ പ്രസ്താവിച്ചത്. ബെഞ്ചിലുണ്ടായിരുന്ന മറ്റൊരംഗം ജസ്റ്റിസ് ഹിമ കോലിയാണ്.വിഷയത്തിൽ ഏതു പരിധിവരെ പോകണമെന്നതിൽ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നഗരങ്ങളിലെ വരേണ്യ വർഗ്ഗത്തിൽപ്പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണിതെന്ന് സ്വവർഗ വിവാഹത്തെ എതിർത്ത് കൊണ്ട് നേരത്തെ കേന്ദ്രസർക്കാർ വാദിച്ചിരുന്നു. എന്നാൽ നഗരങ്ങളിൽ താമസിക്കുന്നവരെല്ലാം വരേണ്യവർഗമാണെന്ന് പറയാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവർ നഗരത്തിലും വരേണ്യ ഇടങ്ങളിലും മാത്രമേ ഉള്ളൂ എന്ന് ചിത്രീകരിക്കുന്നത് അവരെ മായ്ച്ചുകളയലാണെന്നും വിധി പ്രസ്താവത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജാതിയോ വർഗ്ഗമോ സാമൂഹിക-സാമ്പത്തിക നിലയോ പരിഗണിക്കാതെതന്നെ സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവർ ഉണ്ടാകാം. വിവാഹം സ്ഥിരവും മാറ്റവുമില്ലാത്തതുമായ ഒരു സ്ഥാപനമാണെന്ന് പ്രസ്താവിക്കുന്നത് തെറ്റാണ്. നിയമനിർമാണങ്ങളിലൂടെ വിവാഹത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

നിയമനിർമാണത്തിലേക്ക് കോടതി കടന്നുകയറേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. കോടതികൾക്ക് നിയമം നിർമിക്കാൻ കഴിയില്ലെങ്കിലും നിയമം നടപ്പിലാക്കാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ലൈംഗികതയുടെ അടിസ്ഥാനത്തിൽ സ്വവർഗപ്രേമികളോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക