India
HomeNews

20 ദിവസത്തിനിടെ കുടുംബത്തിലെ അഞ്ചുപേരെ വിഷംനല്‍കി കൊന്നു; ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

20 Oct 20231 മിനിറ്റ് വായന
20 ദിവസത്തിനിടെ കുടുംബത്തിലെ അഞ്ചുപേരെ വിഷംനല്‍കി കൊന്നു; ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍


മുംബൈ(www.payangadilive.in) :
കൂടത്തായി കൊലക്കേസിന് സമാനമായരീതിയിൽ ഗഡ്ചിരോളിയിൽ കുടുംബത്തിലെ അഞ്ചുപേരെ ബന്ധുക്കളായ രണ്ടു സ്ത്രീകൾ വിഷംകൊടുത്ത് കൊന്നു. 20 ദിവസത്തിനിടെയാണ് ശങ്കർ കുംഭാരെ, ഭാര്യ വിജയ കുംഭാരെ, മക്കളായ റോഷൻ, കോമൾ, ആനന്ദ എന്നിവർ മരിച്ചത്. റോഷന്റെ ഭാര്യ സംഘമിത്ര, ശങ്കറിന്റെ ഭാര്യാസഹോദരന്റെ ഭാര്യ റോസ എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തെ ഒന്നാകെ കൊല്ലാൻ ഇരുവരും നേരത്തേ തീരുമാനിച്ചെന്ന് പോലീസ് പറയുന്നു.

വീട്ടുകാരുടെ എതിർപ്പ് മറികടന്ന് റോഷനെ വിവാഹംകഴിച്ചതിനെത്തുടർന്ന് സംഘമിത്രയുടെ അച്ഛൻ ആത്മഹത്യചെയ്തിരുന്നു. സംഘമിത്രയെ റോഷനും കുടുംബവും നിരന്തരം അവഹേളിച്ചിരുന്നു. ഇതാണ് ഇവർക്ക് കുടുംബത്തോട് വിരോധമുണ്ടാകാൻ കാരണം. റോസയ്ക്കാകട്ടെ കുടുംബസ്വത്ത് ഭാഗംവെക്കുന്നതിലുള്ള തർക്കമാണ് വിരോധത്തിന് കാരണമായത്. റോസ തെലങ്കാനയിൽനിന്നാണ് വിഷം സംഘടിപ്പിച്ചത്. ഇവർ ഇത് കുംഭാരെകുടുംബത്തിലെ അംഗങ്ങൾക്ക് പലപ്പോഴായി നൽകി.

കാലിലും കൈയിലും പുറത്തും വേദന തുടങ്ങിയ ഇവരുടെ ചുണ്ടുകൾക്ക് കറുത്തനിറം വന്നിരുന്നു. ആരോഗ്യം ക്ഷയിക്കാൻതുടങ്ങിയതോടെ ശങ്കറിനെയും ഭാര്യയെയും സെപ്റ്റംബർ 20-ന് ചന്ദ്രാപുരിലെ ആശുപത്രിയിലേക്കും പിന്നീട് നാഗ്പുരിലേക്കും മാറ്റി. സെപ്റ്റംബർ 26-ന് ശങ്കറും തൊട്ടടുത്തദിവസം ഭാര്യയും മരിച്ചു. പിന്നീടാണ് മക്കൾക്കും ഇതേ രോഗലക്ഷണം തുടങ്ങിയത്. ഒക്ടോബർ എട്ടിനും 15-നുമിടയിലായി മൂന്നുപേരും മരിച്ചു. സംഭവമറിഞ്ഞ് ഡൽഹിയിലുണ്ടായിരുന്ന ശങ്കറിന്റെ മറ്റൊരു മകൻ സാഗർ സ്ഥലത്തെത്തി.

മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞ് തിരികെ ഡൽഹിയിലെത്തിയപ്പോൾ ഇയാൾക്കും ഇതേ രോഗലക്ഷണങ്ങളുണ്ടായി. പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ രോഗത്തിന് അൽപ്പം ശമനമുണ്ടെന്നാണ് റിപ്പോർട്ട്. ശങ്കറിനെയും ഭാര്യയെയും ആശുപത്രിയിലാക്കുന്നതിനിടയിൽ ഇവരുടെ കൈയിൽനിന്ന് വെള്ളംകുടിച്ച കുടുംബത്തിന്റെ ഡ്രൈവറും രോഗംവന്ന് ആശുപത്രിയിലായെങ്കിലും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്.

തുടക്കത്തിൽ ഇവരുടെ മരണത്തിൽ ആർക്കും സംശയം തോന്നിയില്ലെങ്കിലും പിന്നീട് അന്വേഷണത്തിനായി പോലീസ് അഞ്ചു സംഘങ്ങളെ നിയോഗിച്ചു. കുടുംബകാര്യങ്ങൾ അന്വേഷിച്ചപ്പോൾ സംഘമിത്രയിലും റോസയിലും സംശയംതോന്നിയ പോലീസ് ഇവരെ ഏറെദിവസം നിരീക്ഷിച്ചശേഷമാണ് അറസ്റ്റുചെയ്തത്. ഇവരെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നകാര്യം അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക