India
HomeNews

ഭൂമിയുടെ സ്വാധീനവലയം കടന്ന് ആദിത്യ എൽ-1; 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി ഇസ്രോ

30 Sept 20231 മിനിറ്റ് വായന
ഭൂമിയുടെ സ്വാധീനവലയം കടന്ന് ആദിത്യ എൽ-1; 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി ഇസ്രോ


ന്യൂഡൽഹി:(www.payangadilive.in)
ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി ഇസ്രോ. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാൻജ് പോയിന്റ് ലക്ഷ്യമാക്കിയാണ് നിലവിൽ ആദിത്യയുടെ സഞ്ചാരം. ചൊവ്വ ദൗത്യമായ മംഗൾയാനു ശേഷം ഭൂമിയുടെ സ്വാധീനവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യയെന്നും ഇസ്രോ വ്യക്തമാക്കി.

സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങൾ, പ്രഭാമണ്ഡലം, വർണമണ്ഡലം, കൊറോണ തുടങ്ങിയ പാളികൾ, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബർ രണ്ടിനാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായി ആദിത്യ എൽ-1 വിക്ഷേപിച്ചത്. സൗരപഠനമാണ് പ്രധാനലക്ഷ്യമെങ്കിലും സൗരയൂഥത്തേക്കുറിച്ചുള്ള സങ്കീർണമായ വിവരങ്ങളുടെ അനാവരണവും ആദിത്യയിലൂടെ സാധ്യമായേക്കുമെന്ന പ്രതീക്ഷ ഇസ്രോ പങ്കുവെച്ചിരുന്നു.

ഇതിനകംതന്നെ പേടകത്തിലെ സ്റ്റെപ്സ് ഇൻസ്ട്രുമെന്റിലെ സെൻസറുകൾ ശാസ്ത്രീയ വിവരശേഖരണം തുടങ്ങിയിരുന്നു. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി.), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (എസ്.യു.ഐ.ടി.), സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ, ഹൈ എനർജി എൽ-1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നെറ്റോമീറ്റർ എന്നിങ്ങനെ ഏഴ് പര്യവേക്ഷണ ഉപകരണങ്ങളാണ് പേകടത്തിലുള്ളത്.

ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ് പേലോഡിന്റെ ഭാഗമായ സുപ്രാതെർമൽ ആൻഡ് എനർജെറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ (സ്റ്റെപ്സ്) എന്ന ഉപകരണമാണ് വിവരശേഖരണം ആരംഭിച്ചത്. ഭൂമിയിൽ നിന്ന് അമ്പതിനായിരം കിലോമീറ്റർ അകലെ ബഹിരാകാശത്തുള്ള സുപ്രാതെർമൽ എനർജറ്റിക് അയോണുകൾ, ഇലക്ട്രോണുകൾ എന്നിവയെ കുറിച്ചാണ് ഇത് പഠിക്കുന്നത്. ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനംചെയ്യാൻ ഈ വിവരം ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് ഇസ്രോ വ്യക്തമാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക