India
കളിപ്പാട്ടം എടുക്കാൻ പോയ ഏഴ് വയസുകാരി തിരിച്ചെത്തിയത് കരഞ്ഞുകൊണ്ട്; മുൻ SI ബലാത്സംഗം ചെയ്തതായി പരാതി
15 Aug 20231 മിനിറ്റ് വായന
കുട്ടിയുടെ കുടുംബം പ്രതിയുടെ വീടിന് മുകൾനിലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ പെൺകുട്ടി വീട്ടിൽ കളിച്ചു കൊണ്ടിരിക്കവെയാണ് സംഭവം. കൈയിലിരിക്കുന്ന കളിപ്പാട്ടം താഴേക്ക് വീണത് എടുക്കാൻ വേണ്ടി പോയ പെൺകുട്ടി കരഞ്ഞു കൊണ്ടായിരുന്നു തിരിച്ചെത്തിയത്. കുട്ടിയുടെ ചുണ്ട് തടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് കാര്യങ്ങൾ ചോദിച്ചപ്പോൾ താഴെ നടന്ന സംഭവങ്ങൾ തന്നോട് കുട്ടി പറഞ്ഞു എന്ന് അമ്മയെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
ഉടൻ തന്നെ കുട്ടിയുടെ പിതാവ് ഇയാളുടെ അടുത്ത് ചെന്ന് കാര്യങ്ങൾ ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും വീടൊഴിയാൻ നിർബന്ധിച്ചുവെന്നും പിതാവ് പറഞ്ഞു. ഇയാളുടെ മകനും പോലീസ് ഉദ്യോഗസ്ഥനാണ്. മകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മകനെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.





