പി.ജെ ജോസഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം: തൊടുപുഴയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനിന്ന പി.ജെ ജോസഫ് എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ അധ്യക്ഷനാക്കിയില്ലെന്ന് കാണിച്ച് വിട്ടുനിന്നത് മാന്യതയായില്ലെന്ന് പിണറായി പറഞ്ഞു.
തൊടുപുഴയിലെ വിജിലന്‍സ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷനായി തെരഞ്ഞെടുത്തത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെയായിരുന്നു. ഉദ്ഘാടകനായി മുഖ്യമന്ത്രിയെയും നിശ്ചയിച്ചു. ചടങ്ങിലേക്ക് വൈദ്യുതി മന്ത്രി എം എം മണിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ചടങ്ങിന് എത്താനാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഇതോടെ പ്രോട്ടോകാള്‍ പ്രകാരം മന്ത്രി എം എം മണിയെ അധ്യക്ഷനാക്കി. ഇതില്‍ പ്രതിഷേധിച്ച് സ്ഥലം എംഎല്‍എ പി.ജെ.ജോസഫ് ചടങ്ങില്‍ പങ്കെടുത്തില്ലെന്നും ഇത് ശരിയായില്ലെന്നും മുഖ്യമന്ത്രി തൊടുപുഴയിലെ എല്‍ഡിഎഫ് റാലിയില്‍ പറഞ്ഞു.
പി.ജെ.ജോസഫ് ഇപ്പോള്‍ മന്ത്രിയല്ല. എംഎല്‍എ ആണ്. കേരളത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് ആണു ഭരിക്കുന്നത്. ഭരണം മാറിയത് ജോസഫ് അറിഞ്ഞില്ലേ? എംഎല്‍എയുടെ സുഹൃത്തുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അദ്ദേഹത്തോട് ഇക്കാര്യം പറയണം.
ജോസഫിന് എന്തു പറ്റി? ദീര്‍ഘകാലം എംഎല്‍എയും മന്ത്രിയുമായി പ്രവര്‍ത്തിച്ച ജോസഫ് ഇത്തരം കാര്യങ്ങളില്‍ അജ്ഞത നടിക്കുകയാണ്. ഒന്നിലേറെ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഒരു മന്ത്രി അധ്യക്ഷനാകും. ഇതാണു പതിവ് ചട്ടം. നാടിന്റെ പുരോഗതിക്ക് ഭരണ- പ്രതിപക്ഷം ഒരുമിച്ചു നില്‍ക്കേണ്ട നേരത്ത് ഇത്തരം നിലപാടുകള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.





