Kerala
അനധികൃതമായി വായ്പ കൈപറ്റി; കോഴിക്കോട്ടെ രണ്ട് അയല്‍കൂട്ടങ്ങള്‍ക്കെതിരെ പരാതി
27 Jun 20231 മിനിറ്റ് വായന
കോഴിക്കോട് കോര്‍പറേഷൻ പരിധിയിലെ രണ്ട് അയല്‍കൂട്ടമാണ് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ കോര്‍പറേഷൻ കുടുംബശ്രീ പ്രൊജക്‌ട് ഓഫീസര്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷൻ അനുവദിക്കുന്ന വായ്പ കോഴിക്കോട് കോര്‍പറേഷൻ പരിധിയിലെ രണ്ട് അയല്‍കൂട്ടങ്ങള്‍ അനധികൃതമായി കൈപറ്റിയെന്നാണ് പരാതി. കുടുംബശ്രീ അംഗങ്ങളില്‍ എഴുപത്തിയഞ്ച് ശതമാനം അംഗങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാകണം എന്നാണ് വായ്പക്കുള്ള മാനദണ്ഡം. എലത്തൂര്‍ വാര്‍ഡില്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ അയല്‍കൂട്ടങ്ങളിലൊന്ന് 14.6 ലക്ഷവും, മറ്റൊരു അയല്‍കൂട്ടം 11 ലക്ഷവും അനധികൃതമായി കൈപറ്റി. രണ്ട് അയല്‍കൂട്ടങ്ങള്‍ക്കും മാനദണ്ഡമനുസരിച്ച് വായ്പക്കുള്ള യോഗ്യതയില്ലെന്നാണ് ആരോപണം.
ഭരണസമിതി നിര്‍ദേശപ്രകാരം ആരോപണം അന്വേഷിക്കുന്ന കോര്‍പറേഷൻ കുടുംബശ്രീ പ്രൊജക്‌ട് ഓഫീസര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. പ്രൊജക്‌ട് ഓഫീസറുടെ അന്വേഷണ റിപോര്‍ട് ഇന്ന് കോര്‍പറേഷന് സമര്‍പ്പിക്കും, റിപോര്‍ട് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വകരിക്കുമെന്ന് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാൻ പറഞ്ഞു.
ഇന്ന് ചേരുന്ന കോര്‍പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻറെ തീരുമാനം. സംഭവത്തില്‍ വിജിലൻസ് അന്വേഷണം വേണമെന്ന് യുഡിഎഫ് കോഴിക്കോട് സിറ്റി സൗത് കമ്മറ്റി ആവശ്യപ്പെട്ടു.





