പൗരത്വ ഭേദഗതി ബിൽ ഇനി നിയമം; രാഷ്ട്രപതി ഒപ്പിട്ടു..

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ഇനി നിയമം. ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി. ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം കത്തുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.
നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. മുസ്‌ലിം വിഭാഗത്തെ മാത്രമാണ് നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം, നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യം മുഴുവൻ ഉയരുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയയിലും പ്രതിഷേധം ഇതിനകം അക്രമത്തിലേക്ക് വഴിമാറിയിട്ടുണ്ട്. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു. മേഘാലയയിൽ തുടരുന്ന പ്രതിഷേധത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്ററ്റതായാണ് വിവരം. കനത്ത പ്രതിഷേധം തുടരുന്ന അസമിൽ മൂന്ന് പേര്‍ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായാണ് വിവരം.





