India
HomeNews

പൗരത്വഭേദഗതി ബിൽ: ശിവസേനക്കെതിരെ പരോക്ഷ വിമർശനം നടത്തി രാഹുൽ ഗാന്ധി..

10 Dec 20191 മിനിറ്റ് വായന
പൗരത്വഭേദഗതി ബിൽ: ശിവസേനക്കെതിരെ പരോക്ഷ വിമർശനം നടത്തി രാഹുൽ ഗാന്ധി..

ന്യൂഡൽഹി: പൗരത്വഭേദഗതി ബിൽ രാജ്യത്തിന്റെ അടിത്തറ തകർക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബില്ലിനെ പിന്തുണച്ച് ലോക്സഭയിൽ വോട്ട് ചെയ്ത മഹാരാഷ്ട്രയിൽ പാർട്ടിയുടെ സഖ്യ കക്ഷിയായ ശിവസേനക്കെതിരെയും രാഹുൽ പരോക്ഷ വിമർശനം നടത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 

രാഷ്ട്രതാത്പര്യം മുൻ നിർത്തിയാണ് ബില്ലിനെ പിന്തുണക്കുന്നതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനക്കെതിരായ ആക്രമണമാണ്. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ തകർക്കാനുള്ള ശ്രമമാണ്-രാഹുൽ ട്വീറ്റ് ചെയ്തു.

 ശിവസേനയുടെയടക്കം പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ മോദി സർക്കാർ ബിൽ പാസാക്കിയത്. ബിൽ രാജ്യത്ത് ഒരു അദൃശ്യ വിഭജനത്തിന് വഴിവെക്കുമെന്ന് ശിവസേന മുഖപത്രം സാമ്ന ആശങ്കപ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിൽ ലോക്സഭയിലെത്തിയപ്പോൾ അവർ പിന്തുണക്കുകയും ചെയ്തു. രാഷ്ട്രതാത്പര്യം മുൻ നിർത്തിയാണ് ശിവസേന അനുകൂലിച്ചതെന്നും പൊതുമിനിമം പരിപാടി മഹാരാഷ്ട്രയിൽ മാത്രമേ പ്രാവർത്തികമാക്കുവെന്നുമാണ് സേനാ എംപി അരവിന്ദ് സാവന്ദ് പ്രതികരിച്ചത്. മഹാരാഷ്ട്ര രാഷ്ട്രീയവുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. 

 ഇതിനിടെ ലോക്സഭയിൽ വോട്ട് ചെയ്തത് പോലെ ശിവസേന രാജ്യസഭയിൽ വോട്ട് ചെയ്തേക്കില്ലെന്ന് സൂചന നൽകി പാർട്ടി നേതാവ് സഞജയ് റാവുത്ത് ട്വീറ്റ് ചെയ്തു. രാജ്യസഭയിൽ നാളെയാണ് ബിൽ അവതരിപ്പിക്കുക. ബില്ലിനെ അനുകൂലിച്ച് ലോക്സഭയിൽ ശിവസേന വോട്ട് ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെ സഖ്യത്തിൽ അസ്വാരസ്യം ഉടലെടുത്തതിനെ തുടർന്നാണ് സഞജയ് റാവുത്തിന്റെ ട്വീറ്റ് വന്നത്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക