India
HomeNews

പൗരത്വനിയമത്തെ അനുകൂലിച്ച ഓച്ചിറയിലെ ചായക്കടക്കാരന് ബഹിഷ്‌കരണം; കേരളത്തില്‍ വിവേചനമെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി..

24 Jan 20201 മിനിറ്റ് വായന
പൗരത്വനിയമത്തെ അനുകൂലിച്ച ഓച്ചിറയിലെ ചായക്കടക്കാരന് ബഹിഷ്‌കരണം; കേരളത്തില്‍ വിവേചനമെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി..

ബംഗളൂരു: മലപ്പുറത്ത് പൗരത്വനിയമത്തെ പിന്തുണച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന ട്വീറ്റിനെതുടര്‍ന്ന് കേരളപോലീസ് കേസെടുത്ത ബി.ജെ.പി ശോഭ കരന്തലജെ സമാന ആരോപണവുമായി വീണ്ടും രംഗത്ത്. 

ഫേസ്ബുക്കില്‍ സിഎഎ അനുകൂല പോസ്റ്റിട്ടതിന് പിന്നാലെ കൊല്ലം ഓച്ചിറ സ്വദേശി പൊന്നപ്പനില്‍ നിന്ന്  ഒരു പ്രത്യേക സമുദായം ചായ വാങ്ങുന്നത് നിര്‍ത്തിയെന്നാണ്  പുതിയ ട്വീറ്റില്‍ പറയുന്നത്. ഇതിനെതിരെ കേസെടുക്കാന്‍ കേരളാ പൊലീസ് തയ്യാറായോയെന്നും ശോഭ ട്വീറ്റില്‍ കുറിച്ചു.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ശോഭയുടെ ട്വീറ്റ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 A വകുപ്പ് പ്രകാരമാണ് കേസ്.

പ്രാദേശിക ബിജെപി നേതാവ് ഗണേശന്‍ അടക്കം സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചതിന് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന് ശോഭ കരന്ദലജ ട്വീറ്റ് ചെയ്തിരുന്നു. കേരളം മറ്റൊരു കാഷ്മീരായി മാറുന്നുവെന്നും അവര്‍ ട്വീറ്റില്‍ പറഞ്ഞു. സുപ്രീം കോടതി അഭിഭാഷകനും മലപ്പുറം സ്വദേശിയുമായ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക