പഴയങ്ങാടി ബസ്സ്റ്റാൻഡ് തുറക്കുന്നത് വൈകുന്നു ......

ബസ്സ്റ്റാൻഡ് നവീകരണം നടക്കുന്നതിനാൽ ഏഴുമാസമായി പഴയങ്ങാടിയിൽ യാത്രക്കാർ ദുരിതത്തിൽ. ബസ്സ്റ്റാൻഡ് പണി ഏതാണ്ട് പൂർത്തിയായി. ബസ് കയറുന്നഭാഗത്തെ ചെറിയ പണിമാത്രമാണ് ബാക്കിയുള്ളത്...
ഇത് പൂർത്തിയാക്കി ബസ്സ്റ്റാൻഡ് എത്രയുംപെട്ടെന്ന് തുറന്നുകൊടുത്താൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാം. ഏഴുമാസമായി ബസ്സുകളെല്ലാം കെ.എസ്.ടി.പി. റോഡിൽ നിർത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. കെ.എസ്.ടി.പി. റോഡ് പൂർണമായും ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പൂർണമായും ഇതുവഴിയാണ് പോകുന്നത്...
ദേശീയപാതയിലൂടെ ഇത്തരത്തിലുള്ള ചരക്കുവാഹനങ്ങൾ നാമമാത്രമായിട്ടാണ് പോകുന്നത്. ദൂരക്കുറവും വലിയ കയറ്റിറക്കമില്ലാത്തതും സമയലാഭവുമെല്ലാമാണ് ഇതുവഴി വാഹനപ്പെരുപ്പത്തിന് കാരണമായത്. തിരക്കുള്ള സമയങ്ങളിൽ വലിയ ചരക്കുവാഹനങ്ങളുടെ തള്ളിക്കയറ്റം റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു...
എരിപുരംമുതൽ പഴയങ്ങാടി പാലംവരെയാണ് കൂടുതൽ പ്രശ്നം. മിക്കവാറും വൈകുന്നേരങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെയോ സംഘടകളുടെയോ പ്രകടനമോ മറ്റുപരിപാടികളൊ ഉണ്ടാകാറുണ്ട്. ഇതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു...
റോഡ് മുറിച്ചുകടക്കുന്നതിനുള്ള സീബ്രാലൈനിലാണ് മിക്കവാറും ബസ്സുകൾ നിർത്തുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവരുമായി റോഡ് മുറിച്ചുകടക്കാൻ ഇതുകാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.





