India
HomeNews

കൊവിഡ് വ്യാപനം: ഇന്ത്യയിലേക്കും തിരിച്ചും യാത്രാ വിലക്കേര്‍പ്പെടുത്തി സൗദി

23 Sept 20201 മിനിറ്റ് വായന
കൊവിഡ് വ്യാപനം: ഇന്ത്യയിലേക്കും തിരിച്ചും യാത്രാ വിലക്കേര്‍പ്പെടുത്തി സൗദി
ന്യൂഡല്‍ഹി: സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വന്ദേഭാരത് മിഷന്‍ അടക്കമുള്ള സര്‍വീസുകളും റദ്ദാകുമെന്നാണ് അറിയുന്നത്.

തീരുമാനം ഒട്ടേറെ പ്രവാസി മലയാളികള്‍ക്കു തിരിച്ചടിയാകും. 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് സഊദിയിലുള്ളത്. പലരും അവധി കഴിഞ്ഞ് തിരിച്ചു പോകാന്‍ തയ്യാറെടുക്കവെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത്. മേയ് ആദ്യവാരം മുതല്‍ ഇന്ത്യയിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണെന്നാണ് വിവരം.

ജോലി നഷ്ടപ്പെട്ടവരടക്കം ഒട്ടേറെ മലയാളിള്‍ സഊദിയില്‍നിന്നും ഇന്ത്യയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഒപ്പം ആയിരക്കണക്കിന് മലയാളികളടക്കമുള്ളവര്‍ സഊദിയിലേക്ക് തിരികെപോകാനും കാത്തിരിക്കുകയായിരുന്നു. ഇന്ത്യയെക്കൂടാതെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലേക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ഈ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചവര്‍ക്കും സഊദിയിലേയ്ക്ക് നേരിട്ട് വരാനാകില്ലെന്നും അതോറിറ്റി അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക