ബോഡോ തീവ്രവാദികളുമായി സമാധാനക്കരാർ ഒപ്പിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ..

ന്യൂഡല്‍ഹി: നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്. ഈ കരാറിന്‍റെ ശിൽപിയെന്ന് കരുതപ്പെടുന്ന, വടക്കുകിഴക്കിന്‍റെ ചുമതലയുള്ള, അസം മന്ത്രി ഹിമന്ത ബിശ്വ ശർമയും ചടങ്ങിൽ പങ്കെടുത്തു.
പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ബോഡോ മേഖലയ്ക്ക് 1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തൽക്കാലം വേണ്ടെന്ന് വയ്ക്കുകയാണെന്ന് ബോഡോ തീവ്രവാദി സംഘടന വ്യക്തമാക്കുന്നു.
വര്‍ഷങ്ങളായി വിഘടനവാദം ഉയര്‍ത്തിപ്പിടിച്ച് ആസാമില്‍ ആഭ്യന്തര കലാപങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സംഘടനയാണ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്. ഓള്‍ ബോഡോ സ്റ്റുഡന്‍റസ് യൂണിയനും ആയുധം ഉപേക്ഷിച്ച് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. എന്‍ഡിഎഫ്ബിയുടെയും എബിഎസ്യുവിന്‍റെയും നാല് വിഭാഗങ്ങളാണ് കീഴടങ്ങിയിരിക്കുന്നത്. ഇതോടെ പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിച്ചു.
ബോഡോ മേഖലയുടെയും ആസാമിന്‍റെയും വികസനത്തിന് കരാര്‍ സഹായിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 1,500 ലധികം തീവ്രവാദികള്‍ ജനുവരി 30 ന് കീഴടങ്ങും. ഇവര്‍ ഇപ്പോള്‍ തീവ്രവാദികളല്ല, എല്ലാവരും ഞങ്ങളുടെ സഹോദരന്മാരാണെന്നും അമിത് ഷാ പറഞ്ഞു. ഇവരില്‍ ക്ലീന്‍ റെക്കോര്‍ഡ് ഉള്ളവരെ അര്‍ധസൈനിക വിഭാഗത്തിന്‍റെ ഭാഗമാക്കും. ബോഡോ പ്രസ്ഥാനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അമിഷാ കൂട്ടിച്ചേര്‍ത്തു.
ബോഡോലാൻഡ് എന്ന് അറിയപ്പെട്ടിരുന്ന മേഖല ഇനി മുതൽ ബോഡോലാൻഡ് ടെറിറ്റോറിയൽ റീജ്യൺ എന്നറിയപ്പെടും. ബോഡോ ജനങ്ങൾക്ക് എല്ലാവർക്കും 'ഗിരിവർഗ ഗോത്രം' എന്ന പദവിയും അതനുസരിച്ചുള്ള സംവരണവും നൽകും. ദേവനാഗരി ലിപിയിലുള്ള ബോഡോ ഭാഷ, ഇനി അസമിന്‍റെ ഔദ്യോഗിക ഭാഷകളിലൊന്നാകും.
കേന്ദ്രസർക്കാർ, അസം സർക്കാർ, നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫോ ബോഡോലാൻഡ്, ഓൾ ബോഡോ സ്റ്റുഡന്‍റ്സ് യൂണിയൻ എന്നിങ്ങനെയുള്ള ബോഡോ സംഘടനകൾ എന്നിവർ അടങ്ങുന്ന ത്രികക്ഷി കരാറാണിപ്പോൾ ഒപ്പുവച്ചിരിക്കുന്നത്. ബോഡോലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നിന്നിരുന്ന ഓൾ ബോഡോ സ്റ്റുഡന്‍റ്സ് യൂണിയൻ കരാറിൽ ഒപ്പുവയ്ക്കാൻ തയ്യാറായത് കേന്ദ്രസർക്കാരിന് നേട്ടമാണ്.





