ബനാറസ് സര്‍വകലാശാലയിൽ നിന്ന് ആര്‍എസ്എസ് പതാക നീക്കം ചെയ്ത ഉദ്യോഗസ്ഥക്കെതിരെ നിയമനടപടി

മിർസാപൂർ: മിർസാപൂരിലെ ബനാറസ് ഹിന്ദു സര്‍വകലാശാല സൗത്ത് ക്യാമ്പസില്‍ നിന്ന് ആര്‍എസ്എസ് പതാക നീക്കം ചെയ്ത സര്‍വകലാശാല ഉദ്യോഗസ്ഥക്കെതിരെ നിയമനടപടി. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് സര്‍വ്വകലാശാല ഡെപ്യൂട്ടി ചീഫ് പ്രോക്ടര്‍ കിരൺ ദാമ്‍ലെക്കെതിരെയാണ് ഉത്തർപ്രദേശ് ദേഹത് കോട്വാലി പൊലീസ് കേസെടുത്തിരിക്കുന്നത്. ആർഎസ്എസ് പ്രാദേശിക നേതാവ് ചന്ദ്രമോഹന്റെ പരാതിയിലാണ് നടപടി.
ചൊവ്വാഴ്ചയായിരുന്നു സംഭവം. സര്‍വ്വകലാശാലയ്ക്കകത്ത് വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ക്യാമ്പ് നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് കിരൺ ദാംലെ ക്യാമ്പസിൽ സ്ഥാപിച്ചിരുന്ന ആർഎസ്എസ് പതാക എടുത്തുമാറ്റിയത്. തുടർന്ന് ഉദ്യോഗസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ഒരുകൂട്ടം വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. കിരൺ ദാംലെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നത്. ദാംലെ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.





