Information
HomeNews

റെയില്‍വേയുടെ കടുത്ത അവഗണന ; കാസർഗോഡ് ഭൂപടത്തിന് പുറത്ത്

15 Apr 20232 മിനിറ്റ് വായന
റെയില്‍വേയുടെ കടുത്ത അവഗണന ; കാസർഗോഡ് ഭൂപടത്തിന് പുറത്ത്

കാസർഗോഡ് : കേരളത്തില്‍ പുതുതായി വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിന്‍ അനുവദിച്ചപ്പോള്‍ വടക്കേ ജില്ലയായ കാസർഗോഡിനെ പൂര്‍ണ്ണമായും ഒഴിവാക്കി. കാസര്‍ഗോഡും മംഗളൂരുവും റെയില്‍വേ ഭൂപടത്തില്‍ ഇല്ലേയെന്ന ചോദ്യമാണ് സമൂഹ്യമാദ്ധ്യമങ്ങളില്‍ അടക്കം വ്യാപകമായി ഉയരുന്നത്. കേന്ദ്രം അനുവദിക്കുന്ന പുതിയ ട്രെയിനുകളൊന്നും കാസര്‍ഗോഡിന് ഗുണകരമല്ലെന്നതാണ് ആരോപണം. കണ്ണൂര്‍ വരെ വരുന്ന ജനശതാബ്ദി എക്സ്പ്രസ് കാസര്‍ഗോഡ് വരെയോ മംഗളൂരു വരെയോ നീട്ടണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് കണ്ണൂര്‍ വരെയായിരിക്കുമെന്ന പ്രഖ്യാപനം വന്നത്. ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ദ്ധനവ് ഉണ്ടെങ്കിലും വന്ദേ ഭാരത് എക്സ്പ്രസ് കാസര്‍ഗോഡ് വരെയോ മംഗളൂരു വരെയോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരാണ് ജില്ലയിലെ റെയില്‍വേ യാത്രക്കാര്‍. ആവശ്യത്തിന് ട്രെയിനും സ്റ്റോപ്പും നല്‍കുന്നതിന് പകരം വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കോടികളുടെ വികസനത്തെ കുറിച്ചാണ് റെയില്‍വേ പ്രഖ്യാപനം നടത്തുന്നത്. കോവിഡ് കാലത്തിന് മുമ്പ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ ഉണ്ടായിരുന്ന മംഗളൂരു ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് പല സ്റ്റോപ്പുകളും ഒഴിവാക്കി. ചെറുവത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് യാത്രക്കാര്‍ മുറവിളി കൂട്ടുകയാണ്. പരശുറാം എക്സ്പ്രസ് ട്രെയിനിന്റെ കാര്യത്തിലും കോട്ടിക്കുളവും ചെറുവത്തൂരും മുറവിളിയിലാണ്.

 മെമുവിനെ നാടുകടത്തി

ഉത്തര മലബാറുകാര്‍ക്ക് ആകെയുണ്ടായിരുന്ന മെമു ട്രെയിന്‍ സര്‍വീസും നാടുകടത്തി. വ്യാഴാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് അവസാന സര്‍വീസ് നടത്തിയ മെമു റേക്ക് പാലക്കാട് മെമു ഷെഡിലേക്ക് കൊണ്ടുപോയി. പകരം പഴയ കണ്ണൂര്‍ മംഗളൂരു പാസഞ്ചര്‍ തന്നെ ഓടിച്ചു തുടങ്ങി. മെമു നിലനിര്‍ത്തി പഴയ പാസഞ്ചര്‍ ഓടിക്കണം എന്നാണ് കാസർഗോഡ് ജില്ലയില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി മെമുവിനെ തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു

 അവഗണനയെന്ന് എം.പി

കാസര്‍ഗോഡ് സ്റ്റോപ്പോടു കൂടി വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, സി.ഇ.ഒ, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട് ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയവര്‍ക്ക് കത്തുകളയച്ചെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറയുന്നത്. അനുകൂലമായ നടപടികള്‍ പ്രതീക്ഷിക്കുകയാണെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. മംഗളൂരു വരെ സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ച വന്ദേഭാരത് എക്സ്പ്രസ്സ് കണ്ണൂര്‍ വരെ പുനഃക്രമീകരിച്ചത് കാസർഗോഡ് ജില്ലയോടുള്ള വര്‍ഷങ്ങളായി തുടരുന്ന അവഗണനയുടെ പുതിയ ഉദാഹരണമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക