കണ്ണവം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് കല്ലിട്ടു

കൂത്തുപറമ്പ് :കണ്ണൂർ സിറ്റിയുടെ കീഴിലുള്ള കണ്ണവം പൊലീസ് സ്റ്റേഷന് നിർമിക്കുന്ന കെട്ടിടത്തിന്റെ കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ക്രമസമാധാനപാലനത്തിലും ശാസ്ത്രീയ കുറ്റാന്വേഷണത്തിലും രാജ്യത്തെ പൊലീസ് സേനക്ക് മാതൃകയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ കെ ശൈലജ എംഎൽഎ ഓൺലൈനായി അധ്യക്ഷയായി. കെ പി മോഹനൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം റിജി, പി ഷിജിത, ജില്ലാ പൊലീസ് മേധാവി (കണ്ണൂർ സിറ്റി) പി ബി രാജീവ്, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ പി കൃഷ്ണൻ, കേരള പൊലീസ് അസോസിയേഷൻ സെക്രട്ടറി വി സിനീഷ്, കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു.
20 വർഷമായി വാടക കെട്ടിടത്തിലാണ് കണ്ണവം പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിനായി 2.49 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.





