കളഞ്ഞുപോയ രേഖകള്‍ പോസ്റ്റ്മാന്‍ വീട്ടിലെത്തിക്കും; സേവനം ഔദ്യോഗികമാക്കി.

വഴിയില്‍ നിന്നും കളഞ്ഞുകിട്ടുന്ന രേഖകള്‍ നാട്ടുകാര്‍ തപാല്‍പെട്ടിയില്‍ നിക്ഷേപിക്കുന്നത് പതിവായതോടെ കളഞ്ഞുകിട്ടിയ രേഖകള്‍ വീട്ടിലെത്തിക്കുന്നത് ഔദ്യോഗിക സേവനമാക്കി തപാല്‍ വകുപ്പ്. പാസ്‌പോര്‍ട്ട്, എസ്എസ്എല്‍സി ബുക്ക്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകള്‍ കളഞ്ഞുകിട്ടിയാല്‍ ഇനി ധൈര്യമായി തപാല്‍പെട്ടിയിലിടാം എന്നാണ് തപാല്‍ വകുപ്പ് പറയുന്നത്. ഈ സേവനം മുന്‍പ് തന്നെ ലഭ്യമായിരുന്നെങ്കിലും ഇപ്പോഴാണ് ഇത് ഔദ്യോഗികമാക്കുന്നത്.
രേഖകള്‍ കവറിലാക്കി അയയ്ക്കുന്നതിനാല്‍ സ്റ്റാമ്പിന്റെ നിരക്ക് രേഖകളുടെ ഉടമയില്‍ നിന്നും ഈടാക്കാനാണ് തപാല്‍ വകുപ്പിന്റെ തീരുമാനം. അഡ്രസ് നോക്കി പോസ്റ്റുമാന്‍ രേഖകള്‍ വീട്ടിലെത്തിച്ചുനല്‍കും. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ഈ സേവനം ലഭ്യമാകുമെന്നാണ് തപാല്‍ വകുപ്പ് അറിയിക്കുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപത്തെ തപാല്‍പെട്ടികളില്‍ നാട്ടുകാര്‍ രേഖകള്‍ നിക്ഷേപിക്കുന്നത് പതിവായതാണ് രാജ്യത്തിലാകെ വലിയ മാറ്റിത്തിന് വഴിവെച്ചത്. ശ്രദ്ധേയമായ ഈ ആശയം മറ്റ് പ്രദേശങ്ങളിലേക്കും വളരെ പെട്ടെന്ന് പടര്‍ന്നു. രേഖകള്‍ കിട്ടുന്ന തപാല്‍ ഉദ്യോഗസ്ഥര്‍ അത് ഉടമസ്ഥര്‍ക്ക് കൃത്യമായി അയച്ചുനല്‍കുന്നത് വലിയ കൈയ്യടി നേടിയിരുന്നു. ഈ സേവനത്തെക്കുറിച്ച് കേരള പോസ്റ്റല്‍ വകുപ്പ് കേന്ദ്ര തപാല്‍ വകുപ്പില്‍ അറിയച്ചതോടെയാണ് സേവനം ഔദ്യോഗികമാക്കാന്‍ തീരുമാനമാകുന്നത്.





