മമത അഴിമതിക്കാരനെ സംരക്ഷിക്കുന്നു; ബി.ജെ.പി സര്‍ക്കാരുണ്ടാക്കുന്ന ദിവസം തൃണമുല്‍ ഗുണ്ടകള്‍ക്കെതിരെ നടപടിയെന്നും യോഗി

പുരുലിയ: ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശാരദ ചിട്ടി തട്ടിപ്പില്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നതെന്ന് യോഗി ആരോപിച്ചു. അഴിമതിയില്‍ മമതയ്ക്ക് എന്തോ മറയ്ക്കാനുണ്ട്് എന്നതിന്റെ തെളിവാണ് അവര്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥന്റെ വീട്ടില്‍ എത്തിയതെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ശാരദ ചിട്ടി തട്ടിപ്പില്‍ ശരിയായ അന്വേഷണത്തിന് സുപ്രീം കോടതി വഴി തുറന്നുവെന്നും യോഗി പറഞ്ഞു.
ബംഗാളിലെ പുരുലിയയില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥ്, കര്‍ഷക ആത്മഹത്യകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും നടക്കുന്ന യു.പിയിലെ കാര്യങ്ങള്‍ നന്നായി നോക്കിയാല്‍ മതിയെന്ന് മമതാ ബാനര്‍ജി പ്രസ്താവിച്ചിരുന്നു. മമതയുടെ ഉപദേശത്തിന് മറുപടിയായി യു.പിയിലെ കാര്യങ്ങള്‍ താന്‍ നന്നായി നോക്കുന്നുണ്ടെന്ന് യോഗി പറഞ്ഞു.
ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്ന ദിവസം യു.പിയില്‍ ബി.എസ്.പി, എസ്.പി ഗുണ്ടകള്‍ക്കെതിരെ സ്വീകരിച്ചത് പോലെ തൃണമുല്‍ ഗുണ്ടകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് യോഗി പറഞ്ഞു. മുറഹം ആഘോഷങ്ങള്‍ക്ക് അനുമതി കൊടുത്ത മമതാ ബാനര്‍ജി, ദുര്‍ഗാ പൂജ തടഞ്ഞുവെന്ന് യോഗി ആരോപിച്ചു. പിന്നീട് ഹൈക്കോടതി ഇടപെടലിലൂടെയാണ് ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ നടന്നതെന്നും യോഗി പറഞ്ഞു.
ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമതാ ബാനര്‍ജി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് വഴി അമ്പത് കിലോമീറ്ററോളം റോഡ് മാര്‍ഗം സഞ്ചരിച്ചാണ് യോഗി ബംഗാളില്‍ ബി.ജെ.പി റാലിക്ക് എത്തിയത്. റോഡ് മാര്‍ഗമുള്ള യാത്രയെ തുടര്‍ന്ന് നാല് മണിക്കൂറോളം വൈകിയാണ് യോഗി എത്തിച്ചേര്‍ന്നത്.





