Kerala
HomeNews

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനം ഇന്ന്‌ , പക വീട്ടാന്‍ ഇന്ത്യ

2 Feb 20192 മിനിറ്റ് വായന
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനം ഇന്ന്‌ , പക വീട്ടാന്‍ ഇന്ത്യ

വെല്ലിങ്‌ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. വെസ്‌റ്റ്പാകിലെ ബേസിന്‍ റിസര്‍വ്‌ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 7.30 മുതല്‍ നടക്കുന്ന മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് 1, എച്ച്‌.ഡി. ചാനലുകളിലും ഹോട്ട്‌സ്റ്റാര്‍, ജിയോ ടിവി തുടങ്ങിയ ഓണ്‍ലൈനുകളിലും തത്സമയം കാണാം. ബൗളിങ്ങിന്‌ അനുകൂലമായ പിച്ചാണ്‌ ഇവിടെ. സ്വിങ്ങിനെ പരമാവധി പിന്തുണയ്‌ക്കുന്ന ഗ്രൗണ്ടിലെ ശരാശരി സ്‌കോര്‍ 207 റണ്ണാണ്‌.
കാല്‍ത്തുട ഞരമ്പിനേറ്റ പരുക്കു മൂലം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണി ഇന്നു ടീമില്‍ തിരിച്ചെത്തും. സ്‌ഥിരം നായകന്‍ വിരാട്‌ കോഹ്ലിയുടെ അഭാവത്തില്‍ ധോണിയുടെ അനുഭവ സമ്പത്ത്‌ ഇന്ത്യക്കു മുതല്‍ക്കൂട്ടാകും. നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ 100 കടക്കാനായില്ല. ആദ്യ മൂന്ന്‌ മത്സരങ്ങളും ജയിച്ച്‌ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഒരു തോല്‍വി കൂടി ഒഴിവാക്കാനാണു ശ്രമിക്കുന്നത്‌. പരമ്പര കൈവിട്ടെങ്കിലും 3-2 ന്‌ അവസാനിപ്പിക്കുകയാണു ന്യൂസിലന്‍ഡിന്റെ ലക്ഷ്യം.
ധോണി ഇന്നു കളിക്കുമെന്ന്‌ അസിസ്‌റ്റന്റ്‌ കോച്ച്‌ സഞ്‌ജയ്‌ ബാംഗര്‍ സ്‌ഥിരീകരിച്ചു. താല്‍ക്കാലിക നായകന്‍ രോഹിത്‌ ശര്‍മയ്‌ക്കും ഓപ്പണര്‍ ശിഖര്‍ ധവാനും ഉത്തരവാദിത്വങ്ങളുടെ ഭാരമുണ്ട്‌. അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്‌, ദിനേഷ്‌ കാര്‍ത്തിക്ക്‌ എന്നിവര്‍ക്കും കഴിഞ്ഞ തോല്‍വിക്കു പകരം വീട്ടണം. മൂന്നാം ഏകദിനത്തിലെ തോല്‍വിയെ 'ഏറ്റവും മോശം ബാറ്റിങ്‌ പ്രകടന'മെന്നാണു രോഹിത്‌ ശര്‍മ വിശേഷിപ്പിച്ചത്‌. ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യയുടെ ഫോമും ഇന്ത്യക്കു നിര്‍ണായകമാണ്‌. യുവ പേസര്‍ മുഹമ്മദ്‌ സിറാജിന്‌ ഇന്ന്‌ അവസരം നല്‍കിയേക്കാം. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഖലീല്‍ അഹമ്മദിനു പകരം മുഹമ്മദ്‌ ഷമി കളിച്ചേക്കാം. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന്റെ പരുക്കാണു ന്യൂസിലന്‍ഡിനെ അലട്ടുന്നത്‌. ഗുപ്‌റ്റില്‍ കളിക്കില്ലെന്ന്‌ ഉറപ്പായതോടെ കോളിന്‍ മുണ്‍റോ പകരമിറങ്ങും. ജെയിംസ്‌ നീഷമിനെയോ മിച്ചല്‍ സാന്റ്‌നറിനെയോ മാറ്റി ഡഗ്‌ ബ്രേസ്‌വെല്ലിന്‌ അവസരം നല്‍കിയേക്കാം. നായകന്‍ കെയ്‌ന്‍ വില്യംസണിന്റെ ഫോമില്ലായ്‌മയാണു മറ്റൊന്ന്‌. ഒന്നാം ഏകദിനത്തില്‍ 64 റണ്ണെടുത്ത വില്യംസണ്‍ തുടര്‍ന്നുള്ള മൂന്ന്‌ ഏകദിനങ്ങളിലും 28 റണ്ണിന്‌ അപ്പുറം കടന്നില്ല. മുഹമ്മദ്‌ ഷമിയാണു മൂന്നുവട്ടം നായകനെ പുറത്താക്കിയത്‌. നാലാം ഏകദിനത്തില്‍ അഞ്ച്‌ വിക്കറ്റെടുത്ത ട്രെന്റ്‌ ബോള്‍ട്ടും മൂന്നു വിക്കറ്റെടുത്ത കോളിന്‍ ഡി ഗ്രാനോമെയുമാണു ന്യൂസിലന്‍ഡിന്റെ ബൗളിങ്‌ കരുത്ത്‌.
ടീം: ഇന്ത്യ - രോഹിത്‌ ശര്‍മ (നായകന്‍), ശിഖര്‍ ധവാന്‍, ശുഭ്‌മന്‍ ഗില്‍, അമ്പാട്ടി റായിഡു/ ദിനേഷ്‌ കാര്‍ത്തിക്ക്‌, എം.എസ്‌. ധോണി, കേദാര്‍ ജാദവ്‌, ഹാര്‍ദിക്‌ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹാല്‍, കുല്‍ദീപ്‌ യാദവ്‌, ഖലില്‍ അഹമ്മദ്‌്/ മുഹമ്മദ്‌ ഷമി.
ടീം: ന്യൂസിലന്‍ഡ്‌ - ഹെന്റി നികോള്‍സ്‌, കോളിന്‍ മുണ്‍റോ, കെയ്‌ന്‍ വില്യംസണ്‍ (നായകന്‍), റോസ്‌ ടെയ്‌ലര്‍, ടോം ലാതം, കോളിന്‍ ഡി ഗ്രാനോമെ, ജെയിംസ്‌ നീഷം, ഡഗ്‌ ബ്രേസ്‌വെല്‍/മിച്ചല്‍ സാന്റ്‌നര്‍, ടോഡ്‌ ആസ്‌ലെ, മാറ്റ്‌ ഹെന്റി/ ടിം സൗത്തി, ട്രെന്റ്‌ ബോള്‍ട്ട്‌.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക