വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതിനിടെ അടുക്കളയ്ക്ക് ആശ്വാസമായി കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇന്ന് രാവിലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും.