Information
HomeNews

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും മോഷണം;പി.ജി.വിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും 40,000 രൂപയുടെ ലാപ്‌ടോപ്പാണ് മോഷണംപോയത്.

14 Jun 20211 മിനിറ്റ് വായന
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും മോഷണം;പി.ജി.വിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും 40,000 രൂപയുടെ ലാപ്‌ടോപ്പാണ് മോഷണംപോയത്.





പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും വീണ്ടും മോഷണവാര്‍ത്ത.


സൈക്യാട്രിക് പി.ജി. വിദ്യാര്‍ത്ഥിനി ഡോ.അശ്വതിയുടെ 40,000 രൂപ വിലവരുന്ന ലാപ്‌ടോപ്പാണ് മോഷ്ടിക്കപ്പെട്ടത്.  മെയ് 30 നായിരുന്നു സംഭവം നടന്നത്.


വിവരം അന്നുതന്നെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും ഇന്നലെയാണ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്.


പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എട്ടാംനിലയിലെ 802-ാം നമ്പര്‍ ബ്ലോക്കിലെ മുറിയിലാണ് പി.ജി.വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.


മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നെത്തിയ ഒരാള്‍ മുറിയില്‍കയറി ലാപ്‌ടോപ്പുമായി പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഇയാളെ തിരിച്ചറിഞ്ഞില്ല.


അതേസമയം ജൂണ്‍ 7 ന് കാണാതായ ഓപ്പറേഷന്‍ തിയേറ്ററിലെ ലാവിഞ്ചോ സ്‌കോപ്പി എന്ന 7 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണം മോഷ്ടിക്കപ്പെട്ടതിന്റെ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.


ഓപ്പറേഷന്‍ തിയേറ്ററില്‍ ഡ്യൂട്ടിചെയ്യുന്നവരെ മുഴുവന്‍ ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തിന്റെ ഏകദേശരൂപമെങ്കിലും ലഭിക്കൂവെന്നാണ് പോലീസ് പറയുന്നത്.


പക്ഷെ, ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല. മോഷണവിവരം പുറത്തായ സ്ഥിതിക്ക് മെഡിക്കല്‍ കോളേജിലോ പരിസരത്തോ മോഷ്ടാവ് ഇത് ഉപേക്ഷിച്ച് അന്വേഷണം മരവിപ്പിക്കാനുള്ള സാധ്യതയും ഏറെയാണ്.


വരാന്തയില്‍ അലക്ഷ്യമായി തള്ളിയ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മോഷണം പോകുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.


മെഡിക്കല്‍ കോളേജിലെ കെടുകാര്യസ്ഥതകളേക്കുറിച്ച് ഇന്റലിജന്‍സ് എ.ഡി.ജി.പി അന്വേഷണമാരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജിലെ വിവിധ പ്രശ്‌നങ്ങള്‍ ആരോഗ്യമന്ത്രിയുടെ


ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് എം.വിജിന്‍ എംഎല്‍.എ. അറിയിച്ചു.


ഇക്കാര്യത്തില്‍ മന്ത്രി നേരിട്ടുതന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


നാളെ ചൊവ്വാഴ്ച്ച താന്‍ മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും എം.എല്‍.എ പറഞ്ഞു.


മെഡിക്കല്‍ കോളേജ് കെട്ടിടങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും പൊതുമരാമത്ത് കെട്ടിട വിഭാഗം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ


നേരില്‍ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക