India
HomeNews

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണിപ്പെ​ടു​ത്തി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അടക്കം 350 പേര്‍ക്കെതിരെ കേ​സ്..

5 Jan 20201 മിനിറ്റ് വായന
സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണിപ്പെ​ടു​ത്തി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അടക്കം 350 പേര്‍ക്കെതിരെ കേ​സ്..

ഇന്‍ഡോര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനു ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവർഗിയ ഉള്‍പ്പെടെ 350 ഓളം പാർട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഇൻഡോറില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ചിത്രീകരിച്ച വീഡിയോയിലൂടെയാണ് വിജയവര്‍ഗിയ സര്‍ക്കാര്‍ ഊദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് പുറത്തായത്. “ഞങ്ങളുടെ സംഘ് (ആർ.‌എസ്‌.എസ്) നേതാക്കൾ ഇവിടെയുണ്ടായി പോയി, അല്ലെങ്കിൽ ഞങ്ങൾ ഇന്ന് ഇൻഡോര്‍ കത്തിച്ചേനെ” എന്നായിരുന്നു വിജയവര്‍ഗിയയുടെ ഭീഷണി.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോറിലെ പ്രതിഷേധ വേദിയിലേക്ക് വിജയവര്‍ഗീയ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച്‌ ബിജെപി പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ വിജയവര്‍ഗീയയെ കാണാന്‍ എത്തിയത് ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു. ഇതില്‍ പ്രകോപിതനായ വിജയവര്‍ഗീയ പരസ്യമായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തഹസിൽദാർ (റവന്യൂ ഓഫീസർ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയവർഗിയ, ഇൻഡോർ നിന്നുള്ള ബി.ജെ.പി എം.പി ശങ്കർ ലാൽവാനി എന്നിവരുൾപ്പെടെ 350 ഓളം പ്രതിഷേധക്കാർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സന്യോഗിതഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നരേന്ദ്ര സിങ് രഘുവാൻഷി പറഞ്ഞു. 143 (നിയമവിരുദ്ധമായി കൂട്ടംചേരല്‍), 153 (കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപനം സൃഷ്ടിക്കല്‍), 188 (ഉത്തരവ് ലംഘിക്കല്‍), 506 (ഭീഷണിപ്പെടുത്തൽ) എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും രഘുവാൻഷി പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക