Information
അമിതമദ്യപാനം പേശിചുരുങ്ങലിനും കാരണമായേക്കാമെന്ന് ഗവേഷകര്‍
21 Jun 20231 മിനിറ്റ് വായന
മദ്യപാനം കരളിനും ഹൃദയത്തിനും തലച്ചോറിനും മാത്രമല്ല, പേശികള്‍ക്കും ദോഷകരമാണെന്ന് പുതിയ പഠനം. യൂണിവേഴ്സിറ്റി ഓഫ് ആംഗ്ലിയയില്‍ നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് കണ്ടെത്തല്‍.
സ്പ്രിങ്കര്‍ ലിങ്ക് എന്ന ജേണലിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചുവന്നത്. ഉയര്‍ന്ന അളവിലുള്ള ആല്‍ക്കഹോളിന്റെ ഉപയോഗം സ്കെലട്ടല്‍ പേശികളെ തകരാറിലാക്കുകയും അത് അകാലവാര്‍ധ്യകത്തിലേക്കു നയിക്കുകയും ചെയ്യും.
വലിയ ശരീരമുള്ള ആളുകള്‍ക്ക് താരതമ്യേന പേശികളുടെ തൂക്കവും കൂടുതലായതിനാല്‍, മനുഷ്യരിലെ പ്രോട്ടീൻ ഉപഭോഗവും ശാരീരകപ്രവര്‍ത്തനങ്ങളുടെ തോതും കണക്കിലെടുത്തുകൊണ്ടാണ് ഗവേഷകര്‍ പഠനം നടത്തിയത്. യുകെ ബയോബാങ്കില്‍നിന്നാണ് ഗവേഷകസംഘം തങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ ശേഖരിച്ചത്. 37 നും 73 നും ഇടയിലുള്ള ഏകദേശം രണ്ട് ലക്ഷം പേര്‍ പ്രസ്തുത പഠനത്തില്‍ പങ്കെടുത്തു.
പഠനത്തില്‍ പങ്കെടുത്ത കൂടുതല്‍പേരും തങ്ങളുടെ അമ്ബതുകളിലും അറുപതുകളിലും ഉള്ളവരായിരുന്നു. ധാരാളം മദ്യം ഉപയോഗിക്കുന്നവരുടെ സ്കെലട്ടല്‍ മസില്‍, മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ആളുകളുടെ ശരീരത്തിന്റെ വലുപ്പവും മറ്റ് ഘടകങ്ങളും കൂടി പരിഗണിച്ചുകൊണ്ടാണ് പഠനം നടത്തിയതെന്ന് നോര്‍വിച്ച് മെഡിക്കല്‍ സ്കൂളിലെ പ്രൊഫസര്‍ ഡോ. ജെയിൻ സ്കിന്നര്‍ പറയുന്നു.
പഠനത്തില്‍ പങ്കെടുത്തവരുടെ മദ്യപാനത്തിന്റെ തോതും പേശീഭാരവും ഒരേ സമയം ക്രോസ്-സെക്ഷണല്‍ ആയാണ് അളന്നതെന്നും ഡോ. സ്കിന്നര്‍ പറയുന്നുണ്ട്. മറ്റുപ്രശ്നങ്ങളോടൊപ്പം പ്രായമാകുന്തോറും പേശികളും കൂടി ചുരുങ്ങാൻ മദ്യപാനം കാരണമാകുമെന്ന് ഈ പഠനം തെളിയിക്കുന്നുണ്ട്. അതിനാല്‍, മധ്യവയസ്കരും പ്രായമുള്ളവരും ഉയര്‍ന്ന അളവില്‍ മദ്യപിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.





