ഹര്‍ത്താലിനിടെ പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവം: ആര്‍.എസ്.എസ് പ്രചാരക് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം തമ്പാനൂരില്‍ നിന്നാണ് പ്രവീണിനെ പിടികൂടിയത്.
ബോംബേറിനു ശേഷം ഒളിവില്‍ പോയ ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ബോംബെറ് നടന്ന ഒരു മാസം തികയുന്ന ദിവസമാണ് അറസ്റ്റ് നടന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആയ പ്രവീണ്‍ നൂറനാട് സ്വദേശിയാണ്. ഇയാള്‍ മുന്‍പ് ഒരു വധശ്രമക്കേസില്‍ പ്രതിയാണ്. വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണെങ്കിലും ഇതുവരെ പിടിയിലായിട്ടില്ല. പോലീസ് സ്‌റ്റേഷനു നേര്‍ക്ക് ബോംബെറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.
ജനുവരി മൂന്നിന് ഹര്‍ത്താല്‍ ദിനം നെടുമങ്ങാട് തുറന്നുപ്രവര്‍ത്തിച്ച ഒരു സ്വകാര്യ ബാങ്ക് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ സ്ഥലത്തെത്തിയ നെടുമങ്ങാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏതാനും ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുവന്നിരുന്നു.
ഇതോടെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. റോഡില്‍ നിന്നാണ് ഈ സമയം നാലു ബോംബുകള്‍ സ്‌റ്റേഷനു നേര്‍ക്ക് അജ്ഞാതര്‍ എറിഞ്ഞത്. ആക്രമണത്തിനു പിന്നില്‍ സി.പി.എം ആണെന്നും ബി.ജെ.പി ആണെന്നും ഇരുകൂട്ടരും പരസ്പരം ആരോപിച്ചിരുന്നു. അന്നേ ദിവസം തന്നെ സി.പി.എം പ്രകടനത്തിന് നേര്‍ക്ക് രണ്ട് ബോംബുകള്‍ എറിഞ്ഞിരുന്നു.





