രാജ്യമെമ്പാടും പ്രതിഷേധം കത്തുന്നു; സംസ്ഥാന തലസ്ഥാനങ്ങളിൽ കൂട്ട അറസ്റ്റും നിരോധനാജ്ഞയും..

ഡൽഹി /ബെംഗളുരു/ചെന്നൈ/ഹൈദരാബാദ്: പൗരത്വ നിയമഭേദഗതിക്ക് എതിരായി രാജ്യമെമ്പാടും
പ്രതിഷേധം കത്തുന്നു. രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ കൂട്ട അറസ്റ്റും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരുവിൽ പുസ്തകപ്രകാശനം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച വിഖ്യാത ചരിത്രകാരൻ രാമചന്ദ്രഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ പ്രതിഷേധത്തിന് പിന്തുണ നൽകാൻ എത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ പ്രമുഖ മെട്രോ സ്റ്റേഷനുകളെല്ലാം പൊലീസ് അടച്ചു. ഡൽഹിയുടെ ചില ഭാഗങ്ങളിൽ എയർടെൽ വോയ്സ്, ഡാറ്റ, എസ്എംഎസ് സേവനങ്ങളെല്ലാം പൂർണമായും തടഞ്ഞു.
ജന്ദർ മന്ദറിലും ചെങ്കോട്ടയിലും ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങൾക്കും പൊലീസ് അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംഘർഷാവസ്ഥയാണ് രാജ്യ തലസ്ഥാനത്തും രാജ്യത്തെ വിവിധസംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും. കർണാടകത്തിൽ പ്രമുഖ പട്ടണങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
# ഡൽഹിയിൽ ചില ഭാഗങ്ങളിൽ വോയ്സ്, ഇന്‍റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ കട്ട് ചെയ്തതായി എയർടെൽ.
# ഇടത് പാർട്ടികളുടെ പ്രതിഷേധം. മണ്ഡി ഹൗസിലും പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്ത് നീക്കുന്നു. മണ്ഡി ഹൗസിന് മുന്നിൽ എത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ആനി രാജ, ബൃന്ദ കാരാട്ട് എന്നിവരെയും കസ്റ്റഡിയിൽ എടുത്തു. മണ്ഡി ഹൗസിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതൽ ആളുകളെ കസ്റ്റഡിയിൽ എടുത്ത് നീക്കുകയാണിവിടെ.
# എന്തു സംഭവിച്ചാലും സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് ജാമിയാ സമര സമിതി. കൂടുതൽ വിദ്യാർത്ഥികൾ ചെങ്കോട്ടയിലേക്ക് എത്തുമെന്നും പ്രഖ്യാപനം.
# തമിഴ്നാട്ടിൽ പ്രതിഷേധം കത്തിപ്പടരുന്നു. ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയവരെ അറസ്റ്റ് ചെയ്തു. വിവിധ മുസ്ലീം സംഘടനാ പ്രവർത്തകരാണ് അറസ്റ്റിലായത്. തിരുച്ചിറപ്പള്ളിയിൽ എസ് എഫ് ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. മുപ്പത് പേർ അറസ്റ്റിൽ. കടലൂർ പെരിയാർ ആർട്സ് കോളേജിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ കസ്റ്റഡിയിൽ. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ അഭിഭാഷകരുടെ പ്രതിഷേധം. കോടതിയുടെ പ്രധാന കവാടത്തിന് മുന്നിലാണ് പ്രതിഷേധം.
പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ തെലങ്കാന പൊലീസ് കസ്റ്റഡിയിൽ എടുത്തു. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇപ്പോള്‍ മൊയ്നാബാദ് പൊലീസ് സ്റ്റേഷനിൽ.





