Kerala
HomeNews

വീണ്ടും ന്യൂനമര്‍ദം; ദിശ മാറിയാല്‍ കേരളത്തില്‍ കാറ്റും മഴയും

28 Nov 20201 മിനിറ്റ് വായന
വീണ്ടും ന്യൂനമര്‍ദം; ദിശ മാറിയാല്‍ കേരളത്തില്‍ കാറ്റും മഴയും


 ഒരാഴ്‌ചയ്‌ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാമതൊരു ന്യൂനമര്‍ദം കൂടി രൂപമെടുത്തത്‌ കേരളത്തിന്‌ ആശങ്ക കൂട്ടി. ന്യുനമര്‍ദം പടിഞ്ഞാറേക്കു നീങ്ങിയാല്‍ സംസ്‌ഥാനത്തിനു ഭീഷണിയാകും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നതിനുള്ള സാധ്യതയുമുണ്ട്‌. ചുഴലിയായാല്‍ ബുര്‍വി എന്നാകും പേര്‌.

നിലവില്‍ ശ്രീലങ്കയ്‌ക്കു കിഴക്ക്‌ തെക്ക്‌-മധ്യ ബംഗാള്‍ ഉള്‍ക്കടലിലാണു ന്യൂനമര്‍ദം രൂപംകൊള്ളുന്നത്‌. കേരളത്തില്‍നിന്ന്‌ 2000 കി.മീ. അകലെയാണ്‌ ഇതിന്റെ സ്‌ഥാനം നിര്‍ണയിച്ചിരിക്കുന്നത്‌.

ഇത്‌ നാളെ ശ്രീലങ്കയോടു കുറച്ചുകൂടി അടുക്കും. അപ്പോള്‍ കേരളത്തില്‍നിന്ന്‌ ന്യൂനമര്‍ദമേഖലയിലേക്കുള്ള ദൂരം 1000 കി.മീ. ആയി കുറയും. ന്യൂനമര്‍ദം പിന്നീട്‌ ഏതു ദിശയില്‍ സഞ്ചരിക്കുമെന്നു നിരീക്ഷിക്കുന്നുണ്ട്‌. രണ്ടു ദിവസം കൂടി കഴിഞ്ഞേ ഇതു വ്യക്‌തമാകൂ.ന്യൂനമര്‍ദം വടക്കു പടിഞ്ഞാറേക്കും തെക്കുപടിഞ്ഞാറേക്കും മാറാന്‍ സാധ്യതയുണ്ട്‌. വടക്കുപടിഞ്ഞാറേക്കാണു സഞ്ചാരമെങ്കില്‍ കാറ്റും മഴയും ചെന്നൈയിലേക്കാകും. അപ്പോഴും കേരളത്തില്‍ സാധാരണ മഴയ്‌ക്കു സാധ്യതയുണ്ട്‌.


തെക്കു പടിഞ്ഞാറേക്കാണു ദിശ മാറുന്നതെങ്കില്‍ കേരളത്തിന്‌ ഭീഷണി വര്‍ധിക്കുമെന്നാണ്‌ കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌.

ആദ്യം തെക്കു പടിഞ്ഞാറ്‌ ഭാഗത്തേക്കു തിരിഞ്ഞശേഷം പിന്നീട്‌ വടക്കോട്ടു മാറിയാല്‍ കേരളത്തിന്റെ ഭൂഭാഗത്തേക്ക്‌ ന്യൂനമര്‍ദം കടന്നുവരികയും മഴയും കാറ്റും ശക്‌തമാകുകയും ചെയ്യും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ സ്‌ഥിതി കൂടുതല്‍ വഷളാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക