മധ്യപ്രദേശിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കുമെന്ന് മന്ത്രി പി സി ശർമ

ഭോപ്പാൽ: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പെട്ടെന്ന് നടത്തി ലോക്സഭാ എംപിയും സിനിമാതാരവുമായ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കുമെന്ന് മന്ത്രി പി സി ശർമ. മധ്യപ്രദേശിലെ റോഡുകൾ 'വാഷിങ്ടണിലെ വീഥികൾ' പോലെയായിരുന്നുവെന്നും കനത്ത മഴയെ തുടർന്ന് റോഡുകൾ മുഴുവൻ കുണ്ടും കുഴിയുമായിത്തീർന്നിരിക്കുകയാണെന്നും ശർമ കൂട്ടിച്ചേർത്തു.
നിലവിൽ മധ്യപ്രദേശിലെ റോഡുകൾ ബിജെപി നേതാവ് കൈലാസ് വിജയ് വർഗീയയുടെ വസൂരിക്കലകൾ നിറഞ്ഞ മുഖത്തിന്റെ അവസ്ഥയിലാണെന്നും ശർമ കൂട്ടിച്ചേർത്തു. പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ റോഡുകളുടെ അറ്റകുറ്റപണികൾ നടത്താനാണ് മുഖ്യമന്ത്രി കമൽനാഥിന്റെ ഉത്തരവ്. റോഡുകൾ നന്നാക്കി ഹേമമാലിനിയുടെ കവിളുകൾ പോലെ മനോഹരമാക്കും. ശർമ പറഞ്ഞു.
മധ്യപ്രദേശിലെ റോഡുകൾ വാഷിങ്ടണിലെ റോഡുകളേക്കാൾ മികച്ചതാണെന്ന് മുൻ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാൻ 2017 ൽ നടത്തിയ അഭിപ്രായപ്രകടനത്തെ പരിഹാസരൂപേണ പരാമർശിക്കുകയായിരുന്നു ശർമ. വാഷിങ്ടൺ എയർപോർട്ടിൽ നിന്ന് റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ തനിക്ക് മധ്യപ്രദേശിലെ റോഡുകൾ കൂടുതൽ മികച്ചതായി തോന്നിയെന്ന് ചൗഹാൻ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷനേതാവ് കമൽനാഥ് സർക്കാരിനെ വിമർശിച്ചിരുന്നു. റോഡുകളുടെ അവസ്ഥ കാരണം അപകടങ്ങൾ വർധിക്കുന്നുവെന്നും അറ്റകുറ്റപണി നടത്താൻ കേന്ദ്രസർക്കാർ സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്താതെ സർക്കാർ ഫണ്ടിൽ നിന്ന് പണമെടുത്ത് റോഡുകൾ നന്നാക്കണമെന്നും പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ സഭയിൽ ആവശ്യപ്പെട്ടിരുന്നു.





