India
HomeNews

ഹൈദരാബാദ് എറ്റുമുട്ടല്‍ കൊല; വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി..

6 Dec 20191 മിനിറ്റ് വായന
ഹൈദരാബാദ് എറ്റുമുട്ടല്‍ കൊല; വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി..

ന്യൂഡല്‍ഹി: ഹൈദരാബാദ് ബലാത്സംഗക്കൊലയിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്ത് പുറത്തുവന്ന ബലാത്സംഗക്കേസുകളില്‍ അത് ഉന്നാവിലേതോ ഹൈദരാബാദിലേതോ ആകട്ടെ ജനങ്ങള്‍ വളരെ രോഷത്തിലാണ്. അതിനാല്‍ ജനങ്ങള്‍ ഈ ഏറ്റുമുട്ടല്‍ കൊലയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നീതിന്യായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എല്ലാ സര്‍ക്കാരുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കടുത്ത വിമര്‍ശനമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കുവെച്ചത്. വിചാരണയില്ലാതെ കൊല്ലുന്നത് പ്രശ്‌നങ്ങളുടെ പരിഹാരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്ങനെയാണ് ഒരുരാജ്യം അവിടുത്തെ പൗരന്മാരുടെ ജീവനും അന്തസ്സിനു സംരക്ഷണം നല്‍കുന്നത് എന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാനം. പകരംവീട്ടലിനെയല്ല നീതിയെന്ന് പറയുന്നത്. 2012ല്‍ ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷം എന്തുകൊണ്ടാണ് സ്ത്രീസുരക്ഷക്കായി കര്‍ശന നിയമം കൊണ്ടുവന്നിട്ടും അത് ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കാത്തതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക