India
HomeNews

ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ്; മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ ഏത് പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന്‍ ദുഷ്യന്ത് ചൗട്ടാല

24 Oct 20191 മിനിറ്റ് വായന
ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ്; മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ ഏത് പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന്‍ ദുഷ്യന്ത് ചൗട്ടാല

ചണ്ഡിഗഡ്: ഹരിയാനയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും ചെറുപാര്‍ട്ടികകളുമായി ധാരണയിലെത്താന്‍ രംഗത്തെത്തിയിട്ടുണ്ട്. പത്തു സീറ്റ് നേടിയ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പിയാണ് ഇതില്‍ നിര്‍ണായകം. മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ ഏത് പാര്‍ട്ടിയുമായി സഹകരിക്കാനും തയ്യാറാണെന്ന് ചൗതാല വ്യക്തമാക്കിയിട്ടുണ്ട്.

90 സീറ്റുകളുള്ള ഹരിയാനയില്‍ ബി.ജെ.പി 40ഉം കോണ്‍ഗ്രസ് 30ഉം ഐ.എന്‍.എല്‍.ഡി-അകാലിദള്‍ സഖ്യം ഒരുസീറ്റും നേടിയപ്പോള്‍ മറ്റ് പാര്‍ട്ടികള്‍ 9സീറ്റുകള്‍ നേടി. ചൗട്ടാലയേയും ചെറുപാര്‍ട്ടികളെയും കൂടെ നിറുത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് രണ്ട് വലിയ പാര്‍ട്ടികളും.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി ചര്‍ച്ച നടത്താനും വ്യക്തത വരുത്താനും ബിജെപി പ്രകാശ്സിംഗ് ബാദലിൻറെ സഹായം തേടിയതായാണ് പുതിയ വിവരം. ബാദൽ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തും.

അതിനിടെ ഇതേ ശ്രമവുമായി കോണ്‍ഗ്രസും മുന്നോട്ടുപോകുകയാണ്. ജനനായക് ജനതാ പാർട്ടിയെ ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്‍റേയും ശ്രമം. കര്‍ണാടക മോഡലില്‍ ജെജെപി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി സ്ഥാനം നൽകി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ബറാല രാജിവച്ചു.സുഭാഷ് ബറാലയും ബി.ജെ.പിയുടെ ഏഴ് കാബിനറ്റ് മന്ത്രിമാരും തിരഞ്ഞെടുപ്പില്‍ തോറ്റു.  

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക