കണ്ണൂരിൽ തേന്‍ മ്യൂസിയം വരുന്നു; കേരളത്തിലെ രണ്ടാമത്തെ 'ഹണി മ്യൂസിയം'

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ തേന്‍ മ്യൂസിയം വരുന്നു, കേരളത്തിലെ രണ്ടാമത്തെ 'ഹണി മ്യൂസിയം' ആണ് കണ്ണൂരില്‍ ഒരുങ്ങുന്നത്.. തേനീച്ചക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ തേനീച്ചവളര്‍ത്തലില്‍ താത്പര്യമുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് മ്യൂസിയം ഒരുക്കുന്നത്. പലതരം തേനീച്ചപ്പെട്ടികളും തേന്‍ ശേഖരണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പലവിധ തേനുകളും തേനീച്ചക്കൂടുകളും ഇവിടെ പ്രദര്‍ശിപ്പിക്കും. തേനീച്ചകളുടെ ജീവിതശൈലിയും മറ്റു വിശേഷങ്ങളും മനസ്സിലാക്കാനും മ്യൂസിയം അവസരമൊരുക്കും.
വളക്കൈയിലെ മലബാര്‍ ഹണി ആന്‍ഡ് ഫുഡ് പാര്‍ക്കിന്റെ കീഴില്‍ 5000 ചതുരശ്രയടിയിലൊരുങ്ങുന്ന തേന്മ്യൂസിയത്തില്‍നിന്ന് തേനീച്ചവളര്‍ത്തലിന്റെ ചരിത്രം നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കും. വിജ്ഞാനവും കൗതുകവും ഒരുപോലെ സമ്മാനിക്കുന്ന അനുഭവമാണ് കാഴ്ചക്കാര്‍ക്ക് മ്യൂസിയത്തില്‍നിന്ന് ലഭിക്കുക. തേന്‍ ഉപയോഗിക്കേണ്ട രീതി, തേനീച്ചകളുടെ തേന്‍ശേഖരണ പ്രക്രിയ, തേനിന്റെ സംസ്‌കരണരീതികള്‍ തുടങ്ങി എല്ലാ തേനറിവുകളും ഇവിടെനിന്ന് ലഭിക്കും. ഗുണനിലവാരം കുറഞ്ഞ തേനും വ്യാജ തേനും തിരിച്ചറിയാനുള്ള സഹായവും നല്‍കും
തേനീച്ചയുടെ കൂറ്റന്‍ പ്രതിമയോടെയാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഏപ്രിലില്‍ മ്യൂസിയം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. പ്രവേശനം സൗജന്യമാണ്.





